Football in Malayalam

പോർച്ചുഗൽ-ഫ്രാൻസ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സംസാരിച്ചതെന്തെന്ന് വെളിപ്പെടുത്തി കരീം ബെൻസിമ

Jouhar KK
Ronaldo and Benzema
Ronaldo and Benzema / Tibor Illyes - Pool/Getty Images
facebooktwitterreddit

യൂറോ 2020ന്റെ ഗ്രൂപ്പ് എഫിൽ നടന്ന, 2-2ന് സമനിലയിൽ കലാശിച്ച ഫ്രാൻസ്-പോർച്ചുഗൽ മത്സരം മുൻ സഹതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസിമ എന്നീ ആധുനിക ഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങളുടെ പുനഃസംഗമവേദി കൂടിയായിരുന്നു.

റയൽ മാഡ്രിഡിൽ ഒൻപത് വർഷം സഹതാരങ്ങളിലായിരുന്ന റൊണാൾഡോയും ബെൻസിമയും, പോർച്ചുഗൽ താരം റയൽ മാഡ്രിഡ് വിട്ടതിന് ശേഷം ആദ്യമായി കളിക്കളത്തിൽ കണ്ടുമുട്ടുന്നത് ഫ്രാൻസ്-പോർച്ചുഗൽ മത്സരത്തിലായിരുന്നു. നിലവിലെ യൂറോ ജേതാക്കളും ലോക ചാമ്പ്യന്മാരും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ ഇരു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുക്കുകയും ചെയ്തത്. നാല് ഗോളുകൾ പിറന്ന മത്സരത്തിൽ ഇരു താരങ്ങളും രണ്ടു വീതം ഗോളുകളാണ് നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇടവേളയിൽ പരസ്പരം സംസാരിച്ച റൊണാൾഡോയും ബെൻസിമയും അപ്പോൾ തന്നെ തങ്ങളുടെ ജേഴ്‌സി പരസ്പരം കൈമാറുകയും ചെയ്യുന്ന വീഡിയോ ഏറെ വൈറലായിരുന്നു

ഹാഫ് ടൈമിൽ റൊണാൾഡോയുമായി എന്താണ് സംസാരിച്ചതെന്ന് ബെൻസിമ മത്സരശേഷം വെളിപ്പെടുത്തുകയും ചെയ്തു. "അദ്ദേഹത്തെ വീണ്ടും കാണാനാനായതിൽ ഏറെ സന്തോഷം, ഞങ്ങൾ ഒരുപാട് ദൂരം ഒരുമിച്ച് മുന്നോട്ട്പോയവരാണ്," മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ബെൻസിമ പറഞ്ഞു

"8ഓ 9ഓ വർഷത്തോളം ഞങ്ങൾ റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ചു, ഗോളുകളും ട്രോഫികളും ഒരുപാട് നേടി. ഞങ്ങൾ സംസാരിച്ചു, മൈതാനത്ത് ആസ്വദിക്കുന്നത് തുടരുക, മത്സരങ്ങളിൽ വ്യത്യാസം സൃഷ്ടിക്കുന്നത് തുടരുക എന്നും, ഈ ടൂർണമെന്റിലെയും പിന്നെ ക്ലബ്ബിലെയും മത്സരങ്ങൾക്ക് പരസ്പരം ആശംസകൾ നേരുകയുമാണ് ചെയ്തത്," റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കൂട്ടിച്ചേർത്തു.

അതേ സമയം, ഫ്രാൻസിനെതിരെ നേടിയ ഗോളുകളോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പുരുഷതാരമെന്ന ഇറാന്റെ അലി ദേയിയുടെ റെക്കോർഡിനൊപ്പം റൊണാൾഡോ എത്തിയപ്പോൾ, കഴിഞ്ഞ ആറു വർഷത്തോളമായി ഫ്രാൻസ് ടീമിൽ നിന്നും പുറത്തായിരുന്ന ബെൻസിമ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിന് ശേഷം നേടിയ ആദ്യ ഗോളുകളായിരുന്നു പോർച്ചുഗലിനെതിരെ പിറന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit