റയൽ മാഡ്രിഡിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ നിന്നും റൊണാൾഡോ തന്നെ തടഞ്ഞിട്ടില്ലെന്ന് ബെൻസിമ


റയൽ മാഡ്രിഡിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ തടഞ്ഞിട്ടില്ലെന്ന് ഈ സീസണിൽ ടീമിന്റെ ടോപ് സ്കോററായ കരിം ബെൻസിമ. റൊണാൾഡോ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് താരത്തിന്റെ സഹായിയെന്ന നിലയിലല്ല കളിച്ചിരുന്നതെന്നും റൊണാൾഡോക്ക് ഗോളവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും ബെൻസിമ പറഞ്ഞു.
റൊണാൾഡോയും ബെൻസിമയും ഒരുമിച്ച് കളിച്ചിരുന്ന സമയത്ത് റയൽ മാഡ്രിഡ് ഐതിഹാസികമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ആ സമയത്ത് ക്ലബിന്റെ പ്രധാനപ്പെട്ട ഗോൾ വേട്ടക്കാരൻ ആയിരുന്ന റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം ബെൻസിമ ടീമിലെ പ്രധാന സ്ട്രൈക്കറായി ഉയർന്നു വന്നു. ഇതിനു പിന്നാലെയാണ് റൊണാൾഡൊയുള്ളപ്പോൾ താരത്തിന്റെ നിഴലിൽ ബെൻസിമ ഒതുങ്ങിയെന്ന അഭിപ്രായം പലരും ഉയർത്തിയത്.
"ഞാൻ റൊണാൾഡോക്കൊപ്പം കളിച്ചിരുന്നത് ഒരു സഹായിയുടെ വേഷം ആയിരുന്നില്ല. അതങ്ങനെ അല്ലായിരുന്നു. ഞാനൊരിക്കലും 'എല്ലാ സമയത്തും ഞാൻ പന്ത് അവനു നൽകണമല്ലോ' എന്നു ചിന്തിച്ചിട്ടില്ല. ഞാൻ നന്നായി കളിച്ചിരുന്നെങ്കിലും റൊണാൾഡോ ഇരട്ടി ഗോളുകൾ നെറ്റുമായിരുന്നു. അതൊരു സത്യമാണ്, അതിൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല."
യുവന്റസിലേക്ക് ചേക്കേറാൻ താരം ക്ലബ് വിട്ട സമയത്ത് ഞാൻ എന്റേതായ രീതിയിൽ കളിക്കാൻ ആരംഭിക്കുകയും അത് നല്ല രീതിയിൽ മുന്നോട്ടു പോവുകയും ചെയ്തു. ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയല്ല കളിക്കുന്നത്. റൊണാൾഡോ കളിക്കുന്നത് കരിം ബെൻസിമയെപ്പോലെയുമല്ല." ഫ്രാൻസ് ഫുട്ബോളിനോട് ബെൻസിമ പറഞ്ഞു.
"എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ നിന്നും താരം എന്നെ തടഞ്ഞിട്ടില്ല. ഞങ്ങൾ ഒരുപാട് മത്സരങ്ങൾ കളിച്ചു, അതു വളരെ രസകരമായിരുന്നു.അതെല്ലാം താരത്തിനൊപ്പമാണ് വിജയിച്ചത്. ചാമ്പ്യൻസ് ലീഗിലും നിരവധി ചാമ്പ്യൻഷിപ്പിലുമായി ഞങ്ങൾ ഒരുപാട് ഗോളുകൾ നേടി, എത്രയെണ്ണം എന്നറിയില്ല."
"ഗാരെത് ബേലിനൊപ്പമുള്ള ഒരു മാന്ത്രിക ത്രയത്തിന്റെ ഭാഗമായിരുന്നു ഞങ്ങൾ. ആ സമയത്ത് ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു, മോശമായി എന്തെങ്കിലും നടന്നതായി ഞാൻ ഓർക്കുന്നില്ല." ബെൻസിമ വ്യക്തമാക്കി.
2009ലാണ് റൊണാൾഡോയും ബെൻസിമയും റയൽ മാഡ്രിഡിൽ എത്തുന്നത്. അതിനു ശേഷം റൊണാൾഡോ 438 മത്സരങ്ങളിൽ നിന്നും 450 ഗോളുകൾ നേടി 2018ൽ യുവന്റസിലേക്ക് പോയപ്പോൾ റയൽ മാഡ്രിഡിൽ തന്നെ തുടരുന്ന ബെൻസിമ 585 മത്സരങ്ങളിൽ നിന്നും 302 ഗോളുകളാണ് നേടിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.