മെസിയില്ലെങ്കിലും എൽ ക്ലാസികോ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച മത്സരമാണെന്ന് കരിം ബെൻസിമ

Sreejith N
Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Angel Martinez/GettyImages
facebooktwitterreddit

ക്ലബ് ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന മത്സരമാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ നടക്കുന്ന എൽ ക്ലാസിക്കോ. ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരം ഈ മാസം 24നു നടക്കാനിരിക്കെ ബാഴ്‌സലോണ വിട്ട ഫുട്ബോൾ ലോകത്തെ സൂപ്പർതാരം മെസിയുടെ അസാന്നിധ്യം മത്സരത്തിന്റെ നിറം ചെറുതായി മങ്ങാൻ കാരണമായിട്ടുണ്ടെന്നു പറയാതിരിക്കാൻ കഴിയില്ല.

എന്നാൽ മെസിയുടെ അസാന്നിധ്യത്തിലും എൽ ക്ലാസികോ മത്സരം ലോകഫുട്ബോളിലെ ഏറ്റവും മികച്ച മത്സരമായിരിക്കും എന്നാണു റയൽ മാഡ്രിഡിന്റെ മുന്നേറ്റനിര താരമായ കരിം ബെൻസിമ പറയുന്നത്. മെസി സ്പെയിൻ വിട്ടതിനു ശേഷം നടക്കുന്ന ആദ്യത്തെ എൽ ക്ലാസികോ മത്സരത്തിൽ ഏവരുടെയും ശ്രദ്ധ ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഫ്രഞ്ച് മുന്നേറ്റനിര താരത്തിലാണ്.

"എന്നെ സംബന്ധിച്ച് അതിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഫുട്ബോളിൽ നിലനിൽക്കുന്നതിൽ ഏറ്റവും മികച്ച മത്സരമായി അത് തുടരുന്നു. ഏതൊക്കെ കളിക്കാർ ഇവിടെയുണ്ടെന്നത് അതിൽ പ്രസക്തമല്ല. ആരെല്ലാം ഇവിടം വിട്ടുവെന്നതും ആരെല്ലാം ഇനി വരുമെന്നതും പ്രസക്തമല്ല. റയലും ബാഴ്‌സയും തമ്മിലുള്ള പോരാട്ടം ചരിത്രപരം കൂടിയാണ്."

"പേരുകൾ മാറിക്കൊണ്ടിരിക്കും. മുൻപിവിടെ സിദാൻ, എറ്റൂ, റൊണാൾഡീന്യോ, റൊണാൾഡോ തുടങ്ങിയ താരങ്ങൾ ഉണ്ടായിരുന്നു. റയൽ-ബാഴ്‌സ പോരാട്ടം എല്ലായിപ്പോഴും റയൽ-ബാഴ്‌സ പോരാട്ടം തന്നെയാണ്." ഇഎസ്‌പിഎന്നിനു നൽകിയ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂവിൽ ജൂലിയൻ ലോറൻസിനോട് ബെൻസിമ പറഞ്ഞു.

ഈ സീസണിലെ എൽ ക്ലാസിക്കോ അടുത്തിരിക്കെ രണ്ടു ടീമുകൾക്കും ആശങ്കകൾ നിരവധിയാണ്. ബാഴ്‌സലോണ മെസി ക്ലബ് വിട്ടതിന്റെ ആഘാതത്തിൽ വളരെ മോശം പ്രകടനം നടത്തുമ്പോൾ റയൽ മാഡ്രിഡിന് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരു ജയം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ബാഴ്‌സയേക്കാൾ മത്സരത്തിൽ മുൻതൂക്കമുള്ളത് റയലിനു തന്നെയാണ്.

facebooktwitterreddit