റയൽ മാഡ്രിഡ് കരിയർ അവസാനിച്ചതിനു ശേഷം എവിടേക്കാണു ചേക്കേറാൻ സാധ്യതയെന്നു വെളിപ്പെടുത്തി ബെൻസിമ

RCD Espanyol v Real Madrid CF - La Liga Santander
RCD Espanyol v Real Madrid CF - La Liga Santander / David Ramos/GettyImages
facebooktwitterreddit

ഈ സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഫുട്ബോൾ താരം ഏതാണെന്നു ചോദിച്ചാൽ യാതൊരു സംശയവും കൂടാതെ കരിം ബെൻസിമയെന്നു പറയാൻ കഴിയും. റയൽ മാഡ്രിഡിന്റെ ഫോമിൽ ചെറിയ രീതിയിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഈ സീസണിലിതു വരെ പതിനൊന്നു ഗോളുകളും എട്ട് അസിസ്റ്റും റയൽ മാഡ്രിഡിനു വേണ്ടി സ്വന്തമാക്കി തന്റെ ഏറ്റവും മികച്ച പ്രകടനമാണ് ബെൻസിമ നടത്തിക്കൊണ്ടിരിക്കുന്നത്.

നിലവിൽ റയലുമായി 2023 വരെ കരാറുള്ള ബെൻസിമയുടെ കരാർ അവസാനിക്കുമ്പോൾ മുപ്പത്തിയഞ്ചു വയസായിരിക്കും ഫ്രഞ്ച് താരത്തിന്റെ പ്രായം. നിലവിൽ മികച്ച ഫോമിലാണെങ്കിലും ആ പ്രായത്തിലെത്തുന്ന ബെൻസിമക്ക് പകരക്കാരനെ കണ്ടെത്താൻ റയൽ മാഡ്രിഡ് തീർച്ചയായും ശ്രമിക്കുമെന്നും താരം ലോസ് ബ്ലാങ്കോസ് വിടാനുള്ള സാധ്യതയുണ്ടെന്നതും തീർച്ചയായ കാര്യങ്ങളാണ്.

കഴിഞ്ഞ ദിവസം ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ റയൽ മാഡ്രിഡ് വിട്ടാൽ താൻ അടുത്തതായി എവിടേക്കാണ് ചേക്കേറാൻ സാധ്യതയെന്ന കാര്യത്തിൽ ബെൻസിമ സൂചനകൾ നൽകി. റയൽ മാഡ്രിഡ് കരിയർ അവസാനിച്ചാൽ യൂറോപ്പിലെ മറ്റു ക്ലബുകളിൽ ചേക്കേറാനുള്ള താൽപര്യം പ്രകടിപ്പിക്കാതിരുന്ന താരം അമേരിക്കൻ ലീഗാണ് ഉന്നം വെക്കുന്നത്.

"യുണൈറ്റഡ് സ്റ്റേറ്റ്സ് എനിക്കിഷ്ടമാണ്, അവിടുത്തെ ഫുട്ബോൾ മികച്ചതായി കൊണ്ടിരിക്കുന്നു," റയൽ മാഡ്രിഡ് വിട്ടാൽ ചേക്കേറാൻ സാധ്യതയുള്ള ഇടത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ നിരവധി പേർ സാധ്യത കൽപിക്കുന്ന താരം മറുപടി പറഞ്ഞു.

"ഓരോ വർഷത്തെയും കാര്യമാണ് ഞാനെടുക്കുന്നത്. ഇപ്പോഴുള്ള അഭിനിവേശവും ഫുട്ബോളിൽ നിന്നുള്ള സന്തോഷവും എനിക്ക് നിലനിൽക്കുന്ന സമയത്തോളം ഞാൻ തുടരും. പ്രായം ഞാൻ ശ്രദ്ധിക്കുന്നില്ല, എനിക്കെങ്ങനെ തോന്നുന്നു എന്നതു മാത്രമാണ് ശ്രദ്ധ, ഞാനതിൽ സമ്മർദ്ദം ചെലുത്തുന്നുമില്ല. കളിക്കുന്ന കാലം ഞാൻ മികച്ചതായി കൊണ്ടിരിക്കയാണ്." ബെൻസിമ വ്യക്തമാക്കി.