ഹാട്രിക്കോടെ കരിം ബെൻസിമ, പിഎസ്‌ജിയെ തകർത്ത് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് മുന്നേറി റയൽ മാഡ്രിഡ്

രണ്ടാം പകുതിയിൽ കരിം ബെൻസിമ നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 രണ്ടാം പാദ മത്സരത്തിൽ പിഎസ്‌ജിയെ 3-1ന് തകർത്ത് ക്വാർട്ടറിലേക്ക് മുന്നേറി റയൽ മാഡ്രിഡ്. ആദ്യ പാദത്തിൽ ഒരു ഗോളിന് പരാജയപ്പെട്ടിരുന്ന റയൽ, ഇരുപാദങ്ങളിലുമായി 3-2 അഗ്രെഗേറ്റിനാണ് ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്.
വിജയം അനിവാര്യമായ മത്സരത്തിൽ റയൽ ശക്തമായി തുടങ്ങിയെങ്കിലും, പിഎസ്‌ജിക്കാണ് ആദ്യ പകുതിയിൽ കൂടുതൽ ഗോളവസരങ്ങൾ ലഭിച്ചത്. മത്സരത്തിന്റെ 39ആം മിനുറ്റിൽ എംബാപ്പെയിലൂടെ പിഎസ്‌ജി മുന്നിലെത്തുകയും ചെയ്‌തു. സ്വന്തം പകുതിയിൽ നിന്ന് നെയ്‌മർ നൽകിയ ഫ്ലിക്ക് സ്വീകരിച്ച് മുന്നേറിയ എംബാപ്പെയുടെ ഷോട്ട് കോർട്ടുവയെയും മറികടന്ന് റയൽ ഗോൾവല ചുംബിച്ചു. സ്കോർ: റയൽ മാഡ്രിഡ് 0-1 പിഎസ്‌ജി.
54ആം മിനുറ്റിൽ എംബാപ്പെ പന്ത് വീണ്ടും വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ഏഴ് മിനിറ്റുകൾക്ക് ശേഷം റയൽ തങ്ങളുടെ ആദ്യ ഗോൾ നേടി. പിഎസ്‌ജിയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ബെൻസിമയുടെ സമ്മർദ്ദം മൂലം പന്ത് ക്ലിയർ ചെയ്യുന്നതിൽ ഡോണറുമക്ക് പിഴച്ചക്കുകയും, പന്ത് ലഭിച്ച വിനീഷ്യസ് അത് ബെൻസിമക്ക് പാസ് ചെയ്യുകയും ചെയ്‌തു. ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ ബെൻസിമ പിഎസ്‌ജി ഗോൾവല കുലുക്കി റയൽ മാഡ്രിഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടു. സ്കോർ: റയൽ മാഡ്രിഡ് 1-1 പിഎസ്‌ജി
76ആം മിനുറ്റിൽ ബെൻസിമ മത്സരത്തിലെ തന്റെയും റയലിന്റെയും രണ്ടാം ഗോൾ നേടി. മോഡ്രിച്ചിന്റെ പാസ് സ്വീകരിച്ച ബെൻസിമ, ഒരു ടച്ച് കൊണ്ട് പന്ത് വരുതിയിലാക്കിയതിന് ശേഷം തൊടുത്ത ഷോട്ട് ഡോണറുമ്മയെയും ഭേദിച്ച് ഗോൾവലയിലെത്തി. സ്കോർ: റയൽ മാഡ്രിഡ് 2-1 പിഎസ്‌ജി.
റയലിന്റെ രണ്ടാം ഗോളിന് ശേഷം മത്സരം പുനരാരംഭിച്ചതിന് ശേഷം ഉടനെ ബെൻസിമ വീണ്ടും വലകുലുക്കി. വിനീഷ്യസിന്റെ മുന്നേറ്റം തടയാൻ ശ്രമിച്ച മാർക്കിനോസിന്റെ ക്ലിയറൻസ് നേരെ ചെന്നത് ബെൻസിമയുടെ പാതയിലേക്ക്. മറ്റൊരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ, പിഎസ്‌ജി ഹൃദയങ്ങൾ പിളർത്തി ഫ്രഞ്ച് താരം തന്റെ ഹാട്രിക്കും, റയലിന്റെ വിജയഗോളും നേടി. സ്കോർ: റയൽ മാഡ്രിഡ് 3-1 പിഎസ്‌ജി.
തിരിച്ചുവരവിനായി പിഎസ്‌ജി ശ്രമിച്ചെങ്കിലും കോർട്ടുവയെ കാര്യമായി പരീക്ഷിക്കാനോ, റയൽ പ്രതിരോധത്തെ ഭേദിക്കാനോ ഫ്രഞ്ച് ക്ലബിന് കഴിഞ്ഞില്ല. ഇതോടെ, 'യൂറോപ്പിലെ രാജാക്കന്മാർ' ആയ റയൽ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും, മെസ്സിയും നെയ്‌മറും എംബാപ്പെയുമുള്ള പിഎസ്‌ജി ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്‌തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.