Main Stories

ബെൻസിമ യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിൽ; മാർഷ്യൽ, ഉപമേക്കാനോ പുറത്ത്

Sreejith N
Real Madrid v Sevilla FC - La Liga Santander
Real Madrid v Sevilla FC - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

നിരവധി സർപ്രൈസുകളോടെ യൂറോ കപ്പിനുള്ള ഇരുപത്തിയാറംഗ ഫ്രാൻസ് ടീം പ്രഖ്യാപിച്ചു. വളരെക്കാലമായി ദേശീയ ടീമിൽ നിന്നും തഴയപ്പെടുന്ന കരിം ബെൻസിമ യൂറോ കപ്പ് സ്‌ക്വാഡിൽ ഇടം പിടിച്ചപ്പോൾ ലീപ്‌സിഗ് പ്രതിരോധതാരം ദയോത് ഉപമേക്കാനോ, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ആന്റണി മാർഷ്യൽ എന്നിവർ ടീമിൽ നിന്നും തഴയപ്പെട്ടു. അതേസമയം ബാഴ്‌സലോണ താരം ക്ലെമന്റ് ലെങ്ലറ്റ്, യുവന്റസ് താരം ആഡ്രിയാൻ റാബിയട്ട് എന്നിവർ ടീമിലിടം പിടിച്ചിട്ടുണ്ട്.

സഹതാരമായ മാത്യു വാൽബുവെനയെ ബ്ളാക്ക് മെയിൽ ചെയ്‌ത കേസിൽ കുറ്റാരോപിതനായതിനെ തുടർന്ന് 2016 മുതൽ ഫ്രാൻസ് ടീമിൽ നിന്നും പുറത്തായിരുന്നു ബെൻസിമ അർഹിച്ച തിരിച്ചു വരവാണു നടത്തിയത്. ഇക്കാലയളവിൽ ഫ്രാൻസ് മികച്ച സ്‌ട്രൈക്കർമാരില്ലാതെ ബുദ്ധിമുട്ടുന്ന സമയത്തും റയലിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തിയിരുന്ന ബെൻസിമയെ പരിഗണിക്കാൻ ദെഷാംപ്‌സ് തയ്യാറായിരുന്നില്ല.

എന്നാൽ കഴിഞ്ഞ സീസണിൽ റയലിനെ ലാ ലിഗ ചാമ്പ്യന്മാരാക്കാൻ നിർണായക പങ്കു വഹിച്ച ബെൻസിമ ഈ സീസണിലും അതെ പ്രകടനം ആവർത്തിച്ചതോടെ താരത്തെ തിരിച്ചു വിളിക്കണമെന്ന് ആവശ്യം പല ഭാഗത്തു നിന്നും ഉയർന്നു. സിദാനും വെങ്ങറുമടക്കമുള്ള ഫ്രഞ്ച് പരിശീലകർ ബെൻസിമ ടീമിലിടം നേടാൻ യോഗ്യനാണെന്നു പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദെഷാംപ്‌സ് റയൽ സ്‌ട്രൈക്കറെ ടീമിലെക്ക് പരിഗണിക്കുന്നത്.

അതേസമയം അടുത്ത സീസണിൽ ടീമിലെത്തിക്കാൻ ബയേൺ കരാറൊപ്പിട്ടിട്ടുള്ള ഉപമേകാനോയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർഷ്യലും തഴയപ്പെട്ടത് അപ്രതീക്ഷിതമായാണ്.

യൂറോ കപ്പിനുള്ള ഫ്രാൻസ് ഫുൾ ടീം:

ഗോൾകീപ്പർമാർ: ഹ്യൂഗോ ലോറിസ്, സ്റ്റീവ് മൻഡൻഡ, മൈക്ക് മൈഗ്നൻ

ഡിഫെൻഡർമാർ: ബെഞ്ചമിൻ പാവാർദ്, ലിയോ ഡുബോയിസ്, റാഫേൽ വരാനെ, പ്രെസ്‌നൽ കിംപെംബെ, ലൂക്കാസ് ഹെർണാണ്ടസ്, ലൂക്കാസ് ഡീന്യേ, ക്ലെമന്റ് ലെങ്ലറ്റ്, കുർട് സൂമ, ജൂൾസ് കൂണ്ടെ

മിഡ്‌ഫീൽഡർമാർ: എൻഗോളോ കാന്റെ, പോൾ പോഗ്ബ, അഡ്രിയൻ റാബിയട്ട്, കൊറെന്റിൻ ടോലിസോ, മൂസ സിസോക്കോ

അറ്റാക്കേഴ്‌സ്: കരിം ബെൻസിമ, ഒലിവർ ജിറൂദ്, കൈലിയൻ എംബാപ്പെ, മാർക്കസ് തുറാം, കിങ്‌സ്‌ലി കോമൻ, വിസം ബെൻ യെഡർ, അന്റോയിൻ ഗ്രീസ്മാൻ, തോമസ് ലെമർ, ഒസ്മാനെ ഡെംബലെ

facebooktwitterreddit