Football in Malayalam

സെക്‌സ് ടേപ്പ് കേസിൽ ബെൻസിമ കുറ്റക്കാരനെന്നു കണ്ടെത്തി, താരത്തിനു ശിക്ഷ വിധിച്ച് കോടതി

Sreejith N
Granada CF v Real Madrid CF - La Liga Santander
Granada CF v Real Madrid CF - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഫ്രാൻസ് ടീമിലെ മുൻതാരമായിരുന്ന മാത്യു വാൽബുവേനയെ സെക്‌സ് ടേപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ കേസിൽ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസിമ കുറ്റക്കാരനെന്നു കണ്ടെത്തി. വേഴ്സൈലെസിലെ കോടതിയാണ് മുപ്പത്തിമൂന്നു വയസുള്ള താരം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. താരത്തിന് ഒരു വർഷത്തെ സസ്‌പെൻഡഡ്‌ ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

2015 ജൂണിലാണ് ഈ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വാൽബുവേനയുടെ സെക്‌സ് ടേപ്പ് കയ്യിലുള്ള ചിലർ താരത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം നൽകി വീഡിയോ തിരിച്ചു വാങ്ങാൻ ബെൻസിമ ഫ്രാൻസ് ടീമിന്റെ ക്യാമ്പിൽ വെച്ചു വാൽബുവേനയെ നിർബന്ധിക്കുകയുമുണ്ടായി. എന്നാൽ വാൽബുവേന പോലീസിൽ പരാതിപ്പെടുകയും തുടർന്നു നടന്ന അന്വേഷണത്തിൽ ബ്ലാക്ക് മെയിൽ ചെയ്‌ത ആളുകളുമായി ബെൻസിമക്ക് ബന്ധമുണ്ടെന്നു തെളിയുകയും ചെയ്‌തിരുന്നു.

വാൽബുവേനയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചയാളുകളുടെ ഇടനിലക്കാരനായി നിന്നു കരിം ബെൻസിമ പ്രവർത്തിച്ചുവെന്നു കണ്ടെത്തിയത് കേസിൽ നിർണായകമായി. ഇതേതുടർന്ന് ഫ്രഞ്ച് ദേശീയ ടീമിലെ സ്ഥാനം വർഷങ്ങളോളം നഷ്‌ടമായ റയൽ താരം മാസങ്ങൾക്കു മുൻപാണ് ടീമിലേക്ക് തിരിച്ചു വന്നത്. എന്നാൽ തനിക്കു നേരെ ഉയർന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച ബെൻസിമ വാൽബുവേനയെ സഹായിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്‌തതെന്നാണ്‌ ആവർത്തിച്ചു പറയുന്നത്.

കോടതി കുറ്റക്കാരനായി കണ്ടെത്തി ഒരു വർഷത്തെ ശിക്ഷ വിധിച്ചെങ്കിലും ബെൻസിമ ജയിലിൽ കിടക്കേണ്ടി വരില്ല. സസ്‌പെൻഡഡ്‌ ജയിൽ ശിക്ഷ പ്രകാരം അത് ലഭിക്കുന്നയാൾ നിശ്ചിത കാലയളവിൽ മറ്റൊരു കുറ്റകൃത്യം ചെയ്‌താൽ മാത്രമേ ജയിൽവാസം ലഭിക്കുകയുള്ളൂ. അതേസമയം നിലവിലെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ബെൻസിമയുടെ അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.

കോടതി കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും ഫ്രഞ്ച് ദേശീയ ടീമിൽ ബെൻസിമയുടെ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത കുറവാണ്. പരിശീലകനാണ് ടീമിനെ തീരുമാനിക്കുകയെന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അതദ്ദേഹത്തിനു തീരുമാനിക്കാമെന്നും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ നോയൽ ഗ്രാന്റ് വ്യക്തമാക്കിയിരുന്നു.

facebooktwitterreddit