Football in Malayalam

ബാലൺ ഡി ഓർ മഹത്തായ പുരസ്‌കാരം, പക്ഷെ അതല്ല തന്റെ ലക്ഷ്യമെന്ന് എൻഗോളോ കാന്റെ

Sreejith N
FC Porto v Chelsea FC  - UEFA Champions League Quarter Final 3: Leg One
FC Porto v Chelsea FC - UEFA Champions League Quarter Final 3: Leg One / Fran Santiago/Getty Images
facebooktwitterreddit

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കാൻ തനിക്കുള്ള സാധ്യതകളെ കുറിച്ച് പ്രതികരിച്ച് ചെൽസിയുടെയും ഫ്രാൻസിന്റെയും മധ്യനിര താരമായ എൻഗോളോ കാന്റെ. ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ഈ സീസണിൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം ഇപ്പോൾ ഫ്രാൻസ് ടീമിനൊപ്പം യൂറോ കപ്പ് ടൂർണമെന്റിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കയാണ്.

പ്രതിരോധ ശൈലിയിലൂന്നി കളിക്കുന്ന താരങ്ങൾ അപൂർവമായി മാത്രമേ ബാലൺ ഡി ഓർ പുരസ്‌കാരം നേടാറുള്ളൂവെങ്കിലും ഈ വർഷത്തെ ബാലൺ ഡി ഓറിനു സാധ്യതയുള്ള താരങ്ങളിൽ കാന്റെയും ഉണ്ടെന്നതിൽ സംശയമില്ല. ഫ്രാൻസിനൊപ്പം യൂറോ കപ്പ് കൂടി നേടാൻ താരത്തിനു കഴിഞ്ഞാൽ അതിനു സാധ്യത കൂടുതലുമാണ്. എന്നാൽ താനത് അർഹിക്കുന്നുണ്ടെന്നു പറയുന്നത് അനാവശ്യമാണെന്നാണ് താരം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്.

"അതേക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതു തന്നെ വളരെ നേരത്തെയാണ്. ഈ വർഷം പകുതി മാത്രമാണ് പൂർത്തിയായിരിക്കുന്നത്, ഇനിയും ആറു മാസങ്ങൾ ബാക്കിയുണ്ട്, അതിനു പുറമെ നിരവധി മത്സരങ്ങളും ടൂർണമെന്റുകളും കളിക്കാനിരിക്കുന്നു. ഇപ്പോൾ തന്നെ അതു ഞാൻ അർഹിക്കുന്നുവെന്നു പറയുന്നത് അനാവശ്യമാണ്," കാന്റെ പറഞ്ഞു.

"ഏതാനും വർഷങ്ങൾക്കു മുൻപ് ഞാൻ ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തിയിരുന്നു. ആദ്യമായിട്ടായതു കൊണ്ട് എനിക്കതു സന്തോഷം നൽകി. എന്നാൽ പുരസ്‌കാരം നേടുകയെന്നത് മറ്റൊരു അനുഭവമാണ്. വളരെ മഹത്തായ വ്യക്തിഗത പുരസ്‌കാരമാണത്. താരങ്ങൾ മികച്ച സീസൺ പൂർത്തിയാക്കിയതിന്റെ ഫലമായാണ് അത് ലഭിക്കുന്നത്. എന്നെ സംബന്ധിച്ച് അതല്ല ലക്ഷ്യം. മുൻപ് ഈ പുരസ്‌കാരം നേടിയ താരങ്ങളെല്ലാം കരിയറിൽ ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട്," ഫ്രാൻസ് മധ്യനിരതാരം കൂട്ടിച്ചേർത്തു.

ടീമിന്റെ നേട്ടങ്ങൾ മാത്രമാണ് താൻ ലക്ഷ്യം വെക്കുന്നതെന്നും അതിനാണ് തന്നെ സ്വാധീനിക്കാൻ കഴിയുകയെന്നും വ്യക്തമാക്കിയ കാന്റെ മൈതാനത്ത് ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. തനിക്ക് കിട്ടുന്ന പ്രശംസ അതിശയോക്തി കലർന്നതാണെന്നും അതിന്റെ ആവശ്യം യാഥാർത്ഥത്തിലില്ലെന്നും താരം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit