Football in Malayalam

കാന്റെയും കള്ളത്തരം കാണിക്കും, പക്ഷെ ചെൽസി താരത്തെ വെറുക്കുക എന്നത് സാധ്യമല്ലെന്ന് പോഗ്ബ

Sreejith N
Chelsea v Manchester United - FA Cup Fifth Round
Chelsea v Manchester United - FA Cup Fifth Round / Michael Regan/Getty Images
facebooktwitterreddit

നിലവിൽ ലോകഫുട്ബോളില് ഒരാളും വെറുക്കാത്ത താരമേതാണെന്നു ചോദിച്ചാൽ ആരാധകർ നിസംശയം പറയുന്ന പേരാണ് ചെൽസി താരമായ എൻഗോളോ കാന്റയുടെത്. ലൈസ്റ്റർ സിറ്റിയിലൂടെ യൂറോപ്യൻ ഫുട്ബോളിൽ ഉയർന്നു വന്ന് പിന്നീട് ചെൽസിയിലെത്തുകയും ഫ്രാൻസിനൊപ്പം ലോകകിരീടം സ്വന്തമാക്കുകയും ചെയ്‌ത താരം കളിക്കളത്തിലെ കഠിനാധ്വാനം കൊണ്ടും തന്റെ നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ്.

എന്നാൽ ആരാധകർ വിശ്വസിക്കുന്നത്ര നിഷ്‌കളങ്ക സ്വഭാവമല്ല കാന്റയുടെതെന്നും വേണ്ടപ്പോൾ കള്ളത്തരം കാണിക്കാൻ താരത്തിന് അറിയാമെന്നുമാണ് ഫ്രഞ്ച് സഹതാരമായ പോഗ്ബ പറയുന്നത്. വിജയം നേടാൻ വേണ്ടി വന്നാൽ കള്ളത്തരം കാണിക്കാനും നിയമങ്ങൾ ലംഘിക്കാനും കാന്റക്ക് അറിയാമെങ്കിലും അതിന്റെ പേരിൽ ആരും താരത്തെ വെറുക്കില്ലെന്നും പോഗ്ബ വ്യക്തമാക്കി.

"കാർഡ് ഗെയിം, ബോർഡ് ഗെയിം എന്നിവയിലെല്ലാം കാന്റെ വളരെയധികം കള്ളത്തരം കാണിക്കും. ഞാൻ സത്യമാണ് പറയുന്നത്. കാന്റെ പറയും ഞാൻ കള്ളത്തരം കാണിക്കില്ലെന്ന്, എന്നാൽ അദ്ദേഹമതു ചെയ്യും. വളരെ കൗശലമുള്ള, ബുദ്ധിസാമർത്ഥ്യമുള്ള പയ്യനാണ് അദ്ദേഹം. എന്നാൽ അതൊന്നും പ്രശ്നമാക്കാതെ നമ്മളദ്ദേഹത്തെ സ്നേഹിക്കുക മാത്രമേയുള്ളൂ," ബീയിൻ സ്പോർട്ടിനോട് പോഗ്ബ പറഞ്ഞു.

"ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം പേർ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. അദ്ദേഹത്തെ സ്നേഹിച്ചെ പറ്റൂ, വെറുക്കുകയെന്നത് ഒരിക്കലും സാധ്യമല്ല. വളരെ എളിമയുള്ള, ആർദ്രതയുള്ള, പ്രൊഫഷണൽ ആയ കളിക്കാരനാണ് കാന്റെ. അദ്ദേഹം ഒരിക്കലും പരാതി പറയാതെ തന്റെ ജോലി ചെയ്യുകയാണ് പതിവ്," പോഗ്ബ വ്യക്തമാക്കി.

എല്ലാ കഴിവുകളുമുള്ള, കളിക്കളത്തിൽ എല്ലായിടത്തുമെത്താൻ കഴിയുന്ന കാന്റയെ പോലൊരു താരമുണ്ടെങ്കിൽ ഒരു ടീമിന് മറ്റൊന്നും ആവശ്യമില്ലെന്നും പോഗ്ബ കൂട്ടിച്ചേർത്തു. ഈ സീസണിൽ 46 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ചെൽസി താരം ഇന്നലെ എഫ്എ കപ്പ് ഫൈനലിൽ ഇറങ്ങിയിരുന്നെങ്കിലും കിരീടം നേടാനായില്ല. സീസണിലെ ആദ്യകിരീടം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടാമെന്ന പ്രതീക്ഷയിലാണ് മുപ്പതുകാരനായ താരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit