Football in Malayalam

ബാലൺ ഡി ഓർ നേടുമോ, ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിനു ശേഷം മറുപടി നൽകി കാന്റെ

Sreejith N
TOPSHOT-FBL-EUR-C1-MAN CITY-CHELSEA-TROPHY
TOPSHOT-FBL-EUR-C1-MAN CITY-CHELSEA-TROPHY / DAVID RAMOS/Getty Images
facebooktwitterreddit

ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിനു പിന്നിലെ പ്രധാന താരം എൻഗോളോ കാന്റെയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റയലിനെതിരായ സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും കളിയിലെ താരമായ ഫ്രഞ്ച് മിഡ്‌ഫീൽഡർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും അതാവർത്തിച്ചു. ആക്രണത്തിലൂന്നി കളിക്കുന്ന മധ്യനിര താരങ്ങളെ ഉൾപ്പെടുത്തി പെപ് ഗ്വാർഡിയോള ഇറക്കിയ ടീമിനെ പിടിച്ചുകെട്ടാൻ ചെൽസിയെ സഹായിച്ചത് കാന്റെ മധ്യനിരയിൽ കഠിനാധ്വാനം ചെയ്തതു കൊണ്ട് കൂടിയാണ്.

കാന്റെയുടെ മികച്ച പ്രകടനം ചെൽസിക്കു കിരീടം നേടിക്കൊടുത്തതിനു പിന്നാലെ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ സാധ്യത ആരാധകർ കൽപ്പിക്കപ്പെടുന്നവരിൽ ഒരാളാണ് ഫ്രഞ്ച് താരം. മത്സരത്തിനു ശേഷം ചാമ്പ്യൻസ് ലീഗ് നേട്ടത്തെക്കുറിച്ചും ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തന്റെ മിതത്വവും വിനയവും കൈവിടാതെയുള്ള മറുപടിയാണ് കാന്റെ നൽകിയത്.

"ഇത് വിസ്‌മയിപ്പിക്കുന്ന നേട്ടമാണ്. സീസണിലുണ്ടായ നിരവധി ബുദ്ധിമുട്ടുകൾക്കു ശേഷം വളരെയധികം പരിശ്രമം ഈ വിജയത്തിനായി വേണ്ടി വന്നു. മാൻ ഓഫ് ദി മാച്ച് അപ്രധാനമായ കാര്യമാണ്. ഗ്രൂപ്പ് മുഴുവൻ ഒറ്റക്കെട്ടായി ശ്രമം നടത്തുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് അഭിമാനവും സന്തോഷവുമാണ്. ഫൈനലിലെത്താൻ ഞങ്ങൾ പൊരുതി. ഇന്ന് ഞങ്ങൾ ബുദ്ധിമുട്ടിയെങ്കിലും അതിനുള്ള പ്രതിഫലം ലഭിച്ചു," ആർഎംസി സ്പോർട്ടിനോട് ഫൈനൽ വിജയത്തെക്കുറിച്ച് കാന്റെ പ്രതികരിച്ചു.

ബാലൺ ഡി ഓർ പുരസ്‌കാരം നേടാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് കാന്റയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ഒരിക്കലുമില്ല, നിലവിൽ ഞങ്ങൾ ചാമ്പ്യൻസ് ലീഗ് വിജയം നേടിക്കഴിഞ്ഞു. ഇനി യൂറോ കപ്പ് വരാനിരിക്കയാണ്. ഫ്രാൻസ് ടീമിനൊപ്പം ചേർന്ന് അതും വിജയിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്."

മത്സരത്തിനു ശേഷം ചെൽസിയിലും ഫ്രാൻസ് ടീമിലും കാന്റയുടെ സഹതാരമായ ഒലിവർ ജിറൂദും താരത്തെ പ്രശംസിച്ചിരുന്നു. അമ്പതു തവണയെങ്കിലും ബോൾ റിക്കവർ ചെയ്യുന്ന താരം എല്ലായിടത്തും ഓടിയെത്തുമെന്നും എല്ലാ വിടവുകളും അടക്കുമെന്നും പറഞ്ഞ ജിറൂദ് കാന്റയുടെ സാന്നിധ്യം പന്ത്രണ്ടു കളിക്കാർ കളത്തിലുള്ളതു പോലെയാണെന്നും കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit