മാഞ്ചസ്റ്റർ യുണൈറ്റഡിനെ തഴഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി കാൽവിൻ ഫിലിപ്സ്


മാഞ്ചസ്റ്റർ യുണൈറ്റഡിനെ തഴഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ തിരഞ്ഞെടുത്തതിനു പിന്നിലെ കാരണം വ്യക്തമാക്കി ഇംഗ്ലണ്ട് മധ്യനിരതാരമായ കാൽവിൻ ഫിലിപ്സ്. ലീഡ്സ് യുണൈറ്റഡിന്റെ പ്രധാന താരമായിരുന്ന ഫിലിപ്സിനെ രണ്ടാഴ്ച മുൻപാണ് മാഞ്ചസ്റ്റർ സിറ്റി നാൽപ്പത്തിയഞ്ച് മില്യൺ പൗണ്ട് നൽകി ടീമിന്റ ഭാഗമാക്കിയത്.
കാൽവിൻ ഫിലിപ്സിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും ഓൾഡ് ട്രാഫോഡിലേക്കുള്ള ട്രാൻസ്ഫറിനു താരം തുടക്കം മുതൽ തന്നെ പ്രാധാന്യം നൽകിയിരുന്നില്ല. താൻ കളിച്ചിരുന്ന ലീഡ്സ് യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന എതിരാളികളായതു കൊണ്ടാണ് അവരുടെ തട്ടകത്തിൽ എത്താതിരുന്നതെന്നാണ് താരം പറയുന്നത്.
Kalvin Phillips snubbed Manchester United for a move to City this summer out of respect for his former club pic.twitter.com/LIhhkCBy1c
— FootballJOE (@FootballJOE) July 21, 2022
"യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫർ? ഞാൻ ഒരിക്കലും അവിടേക്കു പോകാനുള്ള ഒരു സാധ്യതയുമില്ല. ലീഡ്സിനോടുള്ള എന്റെ ആത്മാർഥത നിങ്ങൾക്കറിയാമല്ലോ. എന്റെ കുടുംബവും ലീഡ്സ് ആരാധകരാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നെ ആവശ്യപ്പെട്ടതിൽ അഭിമാനമുണ്ട്. അവർ ലോകത്തിലെ മികച്ച ക്ലബുകളിലൊന്നാണ്. ഞാൻ ലീഡ്സിനോട് ആത്മാർഥത പുലർത്താനും മാഞ്ചസ്റ്ററിന്റെ മറ്റൊരു വശത്തേക്ക് ചേക്കേറാനും തീരുമാനിച്ചു."
അതൊരു അസാധാരണ നിലപാടാണോ എന്ന ചോദ്യത്തിന് ഫിലിപ്സിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "എനിക്കറിയില്ല, ഞാൻ ചിന്തിക്കുന്നത് ഇങ്ങിനെയാണ്, അതങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അവസരം നൽകിയവരോട് ഞാൻ ആത്മാർത്ഥത പുലർത്തും. ലീഡ്സാണ് എന്നെ ആദ്യം സ്വന്തമാക്കിയ ടീം, അതാണ് ചെയ്യേണ്ടതെന്ന് എനിക്കറിയാമായിരുന്നു." ഫിലിപ്സ് പറഞ്ഞു.
ലീഡ്സിനു വേണ്ടി മികച്ച പ്രകടനം നടത്തി ഇംഗ്ലണ്ട് ടീമിലെ സ്ഥിരസാന്നിധ്യമായ കാൽവിൻ ഫിലിപ്സ് കഴിഞ്ഞ വർഷം നടന്ന യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിക്കാൻ നിർണായക പങ്കു വഹിച്ചിരുന്നു. ഗ്വാർഡിയോളയെന്ന പരിശീലകനും തനിക്ക് ചുറ്റുമുള്ള മികച്ച സഹതാരങ്ങൾക്കുമൊപ്പം മാഞ്ചസ്റ്റർ സിറ്റിയിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് ഇംഗ്ലണ്ട് താരം പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.