Football in Malayalam

റൊണാൾഡോയുടെ ട്രാൻസ്ഫർ മൂല്യം 'കുത്തനെ കുറച്ച്' യുവന്റസ്, താരത്തെ സ്വന്തമാക്കാൻ ക്ലബുകൾക്ക് സുവർണാവസരം

Sreejith N
Juventus v FC Porto - UEFA Champions League
Juventus v FC Porto - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

പോർട്ടൊക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ തോറ്റ് യുവന്റസ് ടൂർണമെന്റിൽ നിന്നും പുറത്തായതോടെ റൊണാൾഡൊക്കെതിരായ വിമർശനങ്ങൾ ശക്തമാണ്. മത്സരത്തിൽ യുവന്റസിന്റെ തോൽവിയിലേക്ക് നയിച്ച നിർണായകമായൊരു പിഴവ് റൊണാൾഡോ വരുത്തിയെന്നതിനു പുറമെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ വേണ്ടി ടീമിലെത്തിച്ച താരത്തിന് മൂന്നു വർഷമായി അതിനു സഹായിക്കാൻ കഴിഞ്ഞിട്ടില്ലെന്നതും വിമർശനങ്ങൾക്ക് കാരണമാകുന്നു.

റൊണാൾഡോ എത്തിയതിനു ശേഷമുള്ള തുടർച്ചയായ വർഷങ്ങളിൽ യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായത് ഇറ്റാലിയൻ ക്ലബിൽ താരത്തിന്റെ ഭാവിയെയും ബാധിക്കുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റൊണാൾഡോയെ യുവന്റസ് ഒഴിവാക്കണമെന്ന മുറവിളി പല ഭാഗത്തു നിന്നും ഉയർന്നു കൊണ്ടിരിക്കെ അതിനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയൻ ക്ലബെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റൊണാൾഡോയുടെ ട്രാൻസ്‌ഫർ വേഗത്തിൽ നടക്കാൻ വേണ്ടി താരത്തിന്റെ ട്രാൻസ്‌ഫർ മൂല്യം യുവന്റസ് കുത്തനെ കുറച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമമായ കൊറേറോ ഡെല്ലോ സ്പോർടിനെ അടിസ്ഥാനമാക്കി ഫുട്ബോൾ ഇറ്റാലിയ പുറത്തുവിട്ട റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. റയൽ മാഡ്രിഡിൽ നിന്നും റൊണാൾഡോയെ സ്വന്തമാക്കിയത് 100 മില്യൺ യൂറോക്കാണെങ്കിലും അടുത്ത സമ്മറിൽ 29 മില്യൺ യൂറോ വരെ ലഭിച്ചാൽ താരത്തെ ഒഴിവാക്കാൻ യുവന്റസ് തയ്യാറാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ സീസണിൽ യുവന്റസിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് റൊണാൾഡോയെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും താരത്തിന്റെ കനത്ത പ്രതിഫല വ്യവസ്ഥകളാണ് യുവന്റസിനു പ്രതിസന്ധിയാകുന്നത്. ഇതുകൂടാതെ വമ്പൻ പോരാട്ടങ്ങളിൽ പഴയതു പോലെ തിളങ്ങാൻ കഴിയുന്നില്ലെന്നതും കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ എന്നതും കുറഞ്ഞ തുകക്ക് താരത്തെ ഒഴിവാക്കാൻ യുവന്റസിനെ പ്രേരിപ്പിക്കുന്നു.

നിലവിൽ 2022 വരെയാണ് യുവന്റസുമായി റൊണാൾഡോക്ക് കരാറുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇറ്റാലിയൻ ക്ലബ് അത് പുതുക്കാൻ സാധ്യതയില്ല. അതേസമയം റൊണാൾഡോയുടെ ട്രാൻസ്‌ഫർ മൂല്യം യുവന്റസ് ഇത്രയധികം കുറക്കുന്നത് മുപ്പത്തിയാറുകാരനായ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ക്ലബുകൾക്ക് സഹായകമായിരിക്കും.

facebooktwitterreddit