ബാഴ്‌സലോണയുടെ ഡി മരിയ മോഹം അവസാനിപ്പിക്കാൻ പുതിയ നീക്കവുമായി യുവന്റസ്
By Sreejith N

അർജന്റീന മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാനുള്ള ബാഴ്‌സലോണയുടെ മോഹം നുള്ളിക്കളയാൻ പുതിയ നീക്കവുമായി ഇറ്റാലിയൻ ക്ലബായ യുവന്റസ്. പിഎസ്‌ജി വിട്ടു ഫ്രീ ഏജന്റാകുന്ന താരത്തിനെ സ്വന്തമാക്കാൻ വേണ്ടി പ്രതിഫലം വർധിപ്പിച്ച് പുതിയ ഓഫർ നൽകാനാണ് യുവന്റസ് ഒരുങ്ങുന്നത്.
ഡി മരിയ പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന് വ്യക്തമായതോടെ താരത്തിനായി ആദ്യം രംഗത്തു വന്ന ക്ലബ് യുവന്റസ് ആയിരുന്നു. എന്നാൽ ലീഡ്‌സ് താരം റാഫിന്യയുടെ ട്രാൻസ്‌ഫർ ദുഷ്‌കരമായി വന്നതോടെ ബാഴ്‌സയും താരത്തിനായി രംഗത്തു വന്നു. ഡി മരിയയുടെ പരിഗണനയും ബാഴ്‌സയിലേക്ക് ചേക്കേറാൻ തന്നെയാണ്.
ബാഴ്‌സ താരത്തെ സ്വന്തമാക്കാൻ സാധ്യത വർധിച്ചതോടെയാണ് ഡി മരിയക്കായി യുവന്റസ് തങ്ങളുടെ ഓഫർ വർധിപ്പിച്ചത്. ഇറ്റാലിയൻ മാധ്യമമായ കൊറേറോ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒരു സീസണിൽ ഏഴു മില്യൺ യൂറോയാണ് മുപ്പത്തിനാല് വയസുള്ള ഡി മരിയക്കായി യുവന്റസ് ഓഫർ ചെയ്‌തിരിക്കുന്നത്.
യുവന്റസ് മുന്നോട്ടു വെക്കുന്ന ഈ ഓഫർ ഡി മരിയ ബാഴ്‌സയെ തഴയാൻ കാരണമായേക്കും. എന്നാൽ ഡി മരിയ ഒരു വർഷത്തെ കരാർ മതിയെന്ന് ആവശ്യപ്പെടുമ്പോൾ യുവന്റസിനു വേണ്ടത് രണ്ടു വർഷത്തെ കരാറാണെന്നത് ചെറിയ സങ്കീർണത ട്രാൻസ്‌ഫർ നീക്കങ്ങളിൽ സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്.
മുപ്പത്തിനാലു വയസുള്ള ഡി മരിയ അർജന്റീനക്കൊപ്പം ലോകകപ്പിനായി ഒരുങ്ങുന്നതിനു വേണ്ടി യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. അതേസമയം മുൻ റയൽ മാഡ്രിഡ് താരമായ ഡി മരിയ ബാഴ്‌സലോണയിലേക്ക് എത്തുകയാണെങ്കിൽ രണ്ടു ക്ലബുകൾക്കും വേണ്ടി കളിച്ചിട്ടുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളായി മാറും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.