മൂന്ന് താരങ്ങളെ സ്വന്തമാക്കാനുള്ള ഫണ്ട് കണ്ടെത്താനായി ഡി ലൈറ്റിനെ വിൽക്കാനൊരുങ്ങി യുവന്റസ്

കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടി വന്‍തുക മുടക്കി സ്വന്തമാക്കിയ ഡച്ച് താരം മത്തിയിസ് ഡി ലൈറ്റിനെ വില്‍ക്കാനൊരുങ്ങി യുവന്റസ്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡി ലിറ്റിനെ വില്‍ക്കാന്‍ ഇറ്റാലിയൻ ക്ലബ് ശ്രമിക്കുന്നത്. ഫിയറന്റീന താരം ഡുസാന്‍ വ്ളാഹോവിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോള്‍ പോഗ്ബ, എ.സി മിലാന്‍ താരം അലെസിയോ റോമഗ്നോലി എന്നിവരെ ടീമിലെത്തിക്കാനുള്ള നീക്കമാണ് സീരി എ വമ്പന്‍മാര്‍ നടത്തുന്നത്.
സീസണ്‍ അവസാനത്തോടെ നിലവിലെ ക്ലബുകളുമായുള്ള കരാര്‍ അവസാനിക്കുന്ന പോഗ്ബയുടെയും റോമഗ്നോലിയുടെയും ഏജന്റ് ഡി ലൈറ്റിന്റെ ഏജന്റായ മിനോ റയോളയാണ്. അതിനാല്‍ ഈ ട്രാന്‍സ്ഫറുകള്‍ എളുപ്പത്തില്‍ നടക്കുമെന്ന പ്രതീക്ഷയും യുവന്റസിനുണ്ട്.
കൂടുതൽ താരങ്ങളെ സ്വന്തമാക്കി ടീം ശക്തിപ്പെടുത്താൻ വേണ്ടി ഡി ലൈറ്റിനെ വില്‍ക്കാനാണ് യുവന്റസിന്റെ തീരുമാനമെന്ന് ലാ റിപ്പബ്ലിക്കയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒരുപക്ഷെ ഈ ഡീല്‍ നടക്കുകയാണെങ്കില്‍ 2001ല്‍ ബഫണ്‍, ലിലിയന്‍ തുറാം, പവല്‍ നെദ്വെദ് എന്നിവരെ സ്വന്തമാക്കുന്നതിന് വേണ്ടി യുവന്റസ് സിനദീന്‍ സിദാനെ റയല്‍ മാഡ്രിഡിന് വിറ്റത് പോലുള്ള നീക്കമായിരിക്കും നടക്കുക.
ഡി ലൈറ്റിനെ 60 മില്യന്‍ യുറോ മുതല്‍ 85 മില്യന്‍ യൂറോക്ക് വരെ ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, പി.എസ്.ജി തുടങ്ങിയ ഏതെങ്കിലുമൊരു ക്ലബിന് വിറ്റ് കൂടുതല്‍ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് യുവന്റസ് ശ്രമം നടത്തുന്നത്.
2019ല്‍ 85.5 മില്യന്‍ യൂറോ നല്‍കിയായിരുന്നു ഡച്ച് ക്ലബായ അയാക്‌സില്‍ നിന്ന് ഡി ലൈറ്റിനെ യുവന്റസ് സ്വന്തമാക്കിയത്. യുവന്റസില്‍ നിന്ന് മാറി ഡി ലൈറ്റിന്റെ കരിയറിലെ പുതിയ ചുവടുവെപ്പിന് സമയമായെന്ന് ഈ മാസം റയോള ഡച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.