ഡിബാല ക്ലബ് വിടാനൊരുങ്ങി നിൽക്കെ മൊഹമ്മദ് സലായെ വമ്പൻ കരാർ നൽകി ടീമിലെത്തിക്കാൻ യുവന്റസ്


പൗളോ ഡിബാലക്കു പുതിയ കരാർ നൽകുന്നതിനുള്ള ചർച്ചകൾ അവസാനിപ്പിച്ച യുവന്റസ് ലിവർപൂൾ സൂപ്പർതാരമായ മൊഹമ്മദ് സലായെ വമ്പൻ ഓഫർ നൽകി ടീമിലെത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത സീസണു ശേഷം ലിവർപൂൾ കരാർ അവസാനിക്കാനിരിക്കുന്ന ഈജിപ്ഷ്യൻ താരത്തെ വരുന്ന സമ്മറിൽ സ്വന്തമാക്കാൻ യുവന്റസ് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് ഗസറ്റ ഡെല്ല സ്പോർട്ടാണ് റിപ്പോർട്ടു ചെയ്തത്.
ഈ സീസണു ശേഷം ഫ്രീ ഏജന്റാകുന്ന പൗളോ ഡിബാല കരാർ പുതുക്കാൻ ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ കഴിയില്ലെന്നു പറഞ്ഞാണ് യുവന്റസ് അർജന്റീനിയൻ താരവുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് പ്രീമിയർ ലീഗിലെ ടോപ് സ്കോററായ സലാക്കു വേണ്ടി ഇറ്റാലിയൻ വമ്പന്മാർ ശ്രമം തുടങ്ങിയെന്ന റിപ്പോർട്ടുകൾ വരുന്നത്.
Juventus are 'exploring a mega-money deal worth £10m-a-year to try and lure Mohamed Salah to Turin' https://t.co/z8uqOLbcDn
— MailOnline Sport (@MailSport) March 23, 2022
അടുത്ത സീസണു ശേഷം കരാർ അവസാനിക്കുന്ന സലായും പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ട് ലിവർപൂളുമായി പുതിയ കരാറൊപ്പിടാൻ തയ്യാറായിട്ടില്ല. താരം ഇപ്പോൾ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ നടപ്പിലാക്കി ലിവർപൂളിന്റെ വേതന വ്യവസ്ഥകൾ തകർക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ക്ലബെന്നിരിക്കെ സമ്മറിൽ ലിവർപൂൾ സലായെ വിൽക്കാൻ തന്നെയാണ് സാധ്യത.
റിപ്പോർട്ടുകൾ പ്രകാരം സലാക്ക് നാലു വർഷത്തെ കരാറാണ് യുവന്റസ് വാഗ്ദാനം ചെയ്യാനൊരുങ്ങുന്നത്. ഒരു സീസണിൽ പത്തു മില്യൺ യൂറോ സലാക്ക് പ്രതിഫലമായി നൽകാനും യുവന്റസ് പദ്ധതിയിടുന്നു. സീസണിൽ 8.5 മില്യൺ യൂറോ പ്രതിഫലം വാങ്ങുന്ന ഡിബാല ക്ലബ് വിടുന്നത് സലായെ എത്തിക്കാൻ യുവന്റസിനു ഗുണം ചെയ്യും.
ഇറ്റാലിയൻ ലീഗിൽ കളിച്ച് പരിചയമുള്ള താരം കൂടിയാണ് സലാ. മുൻപ് ഫിയോറെന്റീന, റോമ എന്നീ ക്ലബുകൾക്കു വേണ്ടി മുൻപ് ഈജിപ്ഷ്യൻ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. എന്നാൽ ലിവർപൂളിൽ എത്തിയതിനു ശേഷം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന നിലവാരത്തിലേക്ക് ഉയർന്ന താരം ഇറ്റലിയിൽ തിരിച്ചെത്തിയാൽ അത് സീരി എക്കും ഗുണം ചെയ്യും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.