Football in Malayalam

യുവന്റസിന്റെ രണ്ടു താരങ്ങളെ ജനുവരിയിൽ സ്വന്തമാക്കാൻ ആഴ്‌സണൽ ഒരുങ്ങുന്നു

Sreejith N
Juventus v Cagliari Calcio - Serie A
Juventus v Cagliari Calcio - Serie A / Stefano Guidi/GettyImages
facebooktwitterreddit

മുൻപുള്ള സീസണുകളെ അപേക്ഷിച്ച് ഇത്തവണ മികച്ച ഫോമിൽ കളിക്കുന്ന ആഴ്‌സണൽ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്നു. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബായ യുവന്റസിന്റെ താരങ്ങളായ ആർതർ മെലോ, ഡെജൻ കുളുസേവ്‌സ്‌കി എന്നിവരെയാണ് ജനുവരിയിൽ ഗണ്ണേഴ്‌സ്‌ നോട്ടമിടുന്നത്.

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളെ എത്തിച്ച് ടീമിനെ ശക്തിപ്പെടുത്തി എങ്കിലും ജനുവരിയിലും അതു തുടരാനാണ് ആഴ്‌സണൽ ഒരുങ്ങുന്നത്. കുളുസേവ്‌സ്‌കിയുടെ പ്രതിനിധികളുമായി ആഴ്‌സണൽ ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏതാണ്ട് മുപ്പതു മില്യൺ യൂറോയും ആഡ് ഓണുമാണ് ആഴ്‌സണൽ താരത്തിനായി നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിലും യുവന്റസ് ആവശ്യപ്പെടുന്നത് 40 മില്യൺ യൂറോയാണ്.

അതേസമയം മുൻ ബാഴ്‌സലോണ താരമായ ആർതറിനെ ലഭിക്കാൻ അതിനേക്കാൾ കുറഞ്ഞ തുക മതിയായാകും എന്നാണു ഗണ്ണേഴ്‌സ്‌ പ്രതീക്ഷിക്കുന്നത്. അല്ലെഗ്രി പരിശീലകനായി തിരിച്ചു വന്നതിനു ശേഷം ടീമിൽ സ്ഥാനം ലഭിക്കുന്ന കാര്യത്തിൽ മാനുവൽ ലോകടെല്ലി, റോഡ്രിഗോ ബെന്റാങ്കുർ എന്നിവർക്ക് പിന്നിലായ താരം ഈ സീസനിലിതു വരെ നൂറു മിനുട്ടോളം മാത്രമാണ് കളിച്ചിരുന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ പങ്കെടുക്കാൻ ടീമിലെ താരങ്ങൾ പോകും എന്നതു കൂടിയാണ് പുതിയ കളിക്കാരെ ടീമിലെത്തിക്കാൻ അർടെട്ടയെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. മധ്യനിര താരങ്ങളായ തോമസ് പാർട്ടേയ്, മൊഹമ്മദ് എൽനേനി എന്നിവരാണ് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ പങ്കെടുക്കുന്നത്.

മുൻ താരമായ ആരോൺ റാംസിയെ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതയും ആഴ്‌സണൽ അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുവന്റസിൽ തിളങ്ങാൻ കഴിയാതെ പോയ താരത്തിന്റെ കോൺട്രാക്‌ട് ക്ലബ് ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതേസമയം ന്യൂകാസിലും താരത്തിനായി രംഗത്തുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit