ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ യുവന്റസ് ലക്ഷ്യമിടുന്നു


പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരുടെ താരങ്ങളെ ഇറ്റാലിയൻ ക്ലബായ യുവന്റസ് നോട്ടമിടുന്നുവെന്ന് റിപ്പോർട്ടുകൾ. അത്ലറ്റികോ മാഡ്രിഡ് താരമായ അൽവാരോ മൊറാട്ടക്കു വേണ്ടിയുള്ള ക്ലബിന്റെ ശ്രമങ്ങൾ വിജയം കണ്ടില്ലെങ്കിൽ പ്രീമിയർ ലീഗ് ക്ലബുകളുടെ മുന്നേറ്റനിര താരങ്ങളിൽ ഒരാളെ ടീമിലെത്തിക്കാനാണ് യുവന്റസിന്റെ പദ്ധതി.
സ്കൈ ഇറ്റലിയുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷം ഓൾഡ് ലേഡിക്കൊപ്പം ലോണിൽ കളിച്ച മൊറാട്ടയെ തിരിച്ചെത്തിക്കാൻ യുവന്റസിന് താൽപര്യമുണ്ടെങ്കിലും അത്ലറ്റികോ മാഡ്രിഡ് ആവശ്യപ്പെടുന്ന ഫീസ് നൽകാൻ അവർ ഒരുക്കമല്ല. അത്ലറ്റികോ മാഡ്രിഡ് ആവശ്യപ്പെടുന്ന മുപ്പതു മില്യൺ യൂറോയെന്ന തുക കുറക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ അവർ നടത്തുന്നുണ്ട്,
റിപ്പോർട്ടുകൾ പ്രകാരം മൊറാട്ടയെ സ്വന്തമാക്കാനായില്ലെങ്കിൽ ചെൽസി മുന്നേറ്റനിര താരം ടിമോ വെർണർ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ എന്നിവരിലൊരാളെ ടീമിലെത്തിക്കാനാണ് യുവന്റസ് ഒരുങ്ങുന്നത്. അടുത്ത സീസണിൽ സീരി എ കിരീടം തിരിച്ചു പിടിക്കാൻ ടീമിനെ ശക്തിപ്പെടുത്താനാണ് യുവന്റസിന്റെ നീക്കം.
എന്നാൽ ഈ രണ്ടു താരങ്ങളെയും അവരുടെ ക്ലബുകൾ വിട്ടു കൊടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. പ്രീ സീസണിൽ മികച്ച പ്രകടനം നടത്തിയ മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനാണ് സാധ്യത. ലുക്കാക്കു ക്ലബ് വിട്ടതിനാൽ പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാതെ വെർണറെ വിൽക്കുന്ന കാര്യം ചെൽസിയും പരിഗണിക്കാൻ സാധ്യതയില്ല.