മെംഫിസ് ഡീപേയിൽ യുവന്റസിനു താൽപര്യം, മൊറാട്ട ബാഴ്‌സയിൽ എത്താനുള്ള സാധ്യതയേറുന്നു
By Sreejith N

വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ ലക്ഷ്യമിട്ട താരങ്ങളിൽ പ്രധാനിയായിരുന്നു അത്ലറ്റികോ മാഡ്രിഡിൽ നിന്നും യുവന്റസിൽ ലോണിൽ കളിക്കുന്ന സ്‌പാനിഷ് സ്‌ട്രൈക്കറായ അൽവാരോ മൊറാട്ട. എന്നാൽ താരത്തെ ജനുവരിയിൽ വിട്ടു കൊടുക്കാൻ കഴിയില്ലെന്ന് പരിശീലകൻ അല്ലെഗ്രി തന്നെ വ്യക്തമാക്കിയതോടെ ബാഴ്‌സലോണയുടെ മോഹങ്ങൾ അവസാനിച്ചിരുന്നു.
എന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ രണ്ടാഴ്‌ചയിലധികം ബാക്കി നിൽക്കെ അൽവാരോ മൊറാട്ടയെ സ്വന്തമാക്കാനുള്ള ബാഴ്‌സലോണയുടെ നീക്കങ്ങൾക്ക് പ്രതീക്ഷ വന്നിരിക്കുകയാണ്. സ്‌പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ മുന്നേറ്റനിര താരമായ മെംഫിസ് ഡീപേയിൽ യുവന്റസിനുള്ള താൽപര്യം മൊറാട്ട കാറ്റലൻ ക്ലബിലെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.
നേരത്തെ മൊറാട്ടക്ക് പകരം ഡീപേയെ നൽകാമെന്ന വാഗ്‌ദാനം ബാഴ്‌സ നൽകിയെങ്കിലും യുവന്റസിന് അതിൽ താൽപര്യം ഇല്ലായിരുന്നു. എന്നാലിപ്പോൾ ഇറ്റാലിയൻ മുന്നേറ്റനിര താരമായ ഫെഡറികോ ചിയേസ പരിക്കേറ്റു പുറത്തു പോയതാണ് ഡീപേയിൽ യുവന്റസിനു താൽപര്യം വർധിക്കാനുള്ള പ്രധാന കാരണം.
ഇറ്റാലിയൻ ജേർണലിസ്റ്റായ ജിയാൻലൂക്ക ഡി മർസിയോയുടെ റിപ്പോർട്ട് പ്രകാരം സെനിത് പീറ്റേഴ്‌സ്ബർഗിന്റെ ഇറാനിയൻ മുന്നേറ്റനിര താരമായ സർദാർ അസ്‌മൂണിനെയാണ് യുവന്റസ് പ്രധാനമായും നോട്ടമിടുന്നത്. താരത്തെ സ്വന്തമാക്കാൻ താരതമ്യേനെ ചിലവ് കുറവാണെന്നതാണ് യുവന്റസ് പ്രധാനമായും പരിഗണനയിൽ എടുക്കുന്നത്.
എന്നാൽ ഇറാനിയൻ താരത്തിനൊപ്പം ഡീപേയ് അടക്കമുള്ള മറ്റു താരങ്ങളുടെ ലഭ്യതയും യുവന്റസ് പരിശോധിക്കുന്നുണ്ട്. ഡച്ച് താരം യുവന്റസിൽ എത്തിയാൽ അത് മൊറാട്ടക്കു വേണ്ടി ബാഴ്‌സലോണ നടത്തുന്ന നീക്കങ്ങൾക്ക് വീണ്ടും ശക്തി പകരുമെന്നുറപ്പാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.