Football in Malayalam

റൊണാൾഡോ പിഎസ്‌ജിയിലെത്തിയേക്കും, താരത്തെ കൈമാറി ഇകാർഡിയെ സ്വന്തമാക്കാൻ യുവന്റസ് ഒരുങ്ങുന്നു

Sreejith N
FBL-ITA-SERIEA-JUVENTUS-INTERMILAN
FBL-ITA-SERIEA-JUVENTUS-INTERMILAN / MARCO BERTORELLO/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിഎസ്‌ജിക്ക് കൈമാറി പകരം മൗറോ ഇകാർഡിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ യുവന്റസ് ആരംഭിച്ചതായി റിപ്പോർട്ട്. പരിശീലകൻ അല്ലെഗ്രി അടുത്ത സീസണിൽ ടീമിനെ അഴിച്ചു പണിയുന്നതിനു വേണ്ടിയാണ് ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായ റൊണാൾഡോയെ ഒഴിവാക്കാൻ ഒരുങ്ങുന്നതെന്ന് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയാണ് റിപ്പോർട്ടു ചെയ്‌തത്.

അർജന്റീന താരമായ ഇകാർഡിയിൽ വളരെക്കാലമായി യുവന്റസിന് താൽപര്യമുണ്ട്. കഴിഞ്ഞ സമ്മറിൽ താരത്തെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് നീക്കങ്ങൾ നടത്തിയെങ്കിലും താരം പിഎസ്‌ജിയിലേക്കാണു ചേക്കേറിയത്. പിർലോയെ ഒഴിവാക്കി അല്ലെഗ്രി പരിശീലകനായി എത്തിയതോടെയാണ് ഒരിക്കൽ കൂടി മുൻ ഇന്റർ മിലാൻ ക്യാപ്റ്റനെ സ്വന്തമാക്കാൻ യുവന്റസ് സജീവമായ ശ്രമങ്ങൾ ആരംഭിച്ചത്.

റൊണാൾഡോയെ നിലനിർത്താൻ യുവന്റസിന് താൽപര്യമുണ്ടെങ്കിലും മാസത്തിൽ നാലു മില്യൺ യൂറോയോളം പ്രതിഫലം വാങ്ങുന്ന താരത്തിന് അതു നിലനിർത്തിക്കൊണ്ട് പുതിയ കരാർ നൽകാൻ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ ഓൾഡ് ലേഡിയെ അനുവദിക്കുന്നില്ല. പ്രതിഫലം വെട്ടിക്കുറച്ച് പുതിയ കരാർ ഒപ്പിടുന്നതിനോട് റൊണാൾഡോ ഇതുവരെയും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഈ കൈമാറ്റക്കരാർ യുവന്റസ് ആലോചിക്കുന്നത്.

കരാർ പുതുക്കാതിരുന്നാൽ അടുത്ത സീസണിൽ റൊണാൾഡോയെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടപ്പെടുമെന്നിരിക്കെ കൈമാറ്റക്കരാർ തന്നെയാണ് യുവന്റസിനെ സംബന്ധിച്ച് അനുയോജ്യമായ കാര്യം. റൊണാൾഡോയെ സ്വന്തമാക്കാൻ പിഎസ്‌ജിക്ക് താൽപര്യമുണ്ട് എന്നിരിക്കെ അതു പ്രാവർത്തികമാക്കാനും ഇറ്റാലിയൻ ക്ലബിന് എളുപ്പമാണ്.

കഴിഞ്ഞ സീസണിൽ 28 മത്സരങ്ങളിൽ നിന്നും 14 ഗോളുകളാണ് ഇകാർഡി പിഎസ്‌ജിക്ക് വേണ്ടി നേടിയിരിക്കുന്നത്. റൊണാൾഡോയെക്കാൾ കുറഞ്ഞ പ്രായമുള്ള താരത്തിന് കുറഞ്ഞ വേതനവും മതിയെന്നിരിക്കെ ട്രാൻസ്‌ഫർ യുവന്റസിന് ഗുണകരമാണ്. അതേസമയം ഒരു സീരി എ ക്ലബിന് ഇകാർഡിയെ വിൽക്കുമ്പോൾ ഇന്റർ മിലാന് 12 മില്യൺ യൂറോ പിഎസ്‌ജി നൽകേണ്ടി വരും.

facebooktwitterreddit