അന്നു ഹാലൻഡിനെ സ്വന്തമാക്കണമായിരുന്നു, അവസരം നഷ്‌ടമാക്കിയതിൽ നിരാശ വെളിപ്പെടുത്തി യുവന്റസ് മേധാവി

Sreejith N
Borussia Dortmund v TSG Hoffenheim - Bundesliga
Borussia Dortmund v TSG Hoffenheim - Bundesliga / Lukas Schulze/Getty Images
facebooktwitterreddit

2017ൽ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാനുള്ള അവസരം നഷ്‌ടമാക്കിയതിൽ നിരാശയുണ്ടെന്ന് യുവന്റസ് സ്പോർട്ടിങ് ഡയറക്ടറായ ഫെഡറികോ ചെറുബിനി. അന്നു മോൾഡെയിൽ കളിച്ചിരുന്ന നോർവീജിയൻ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി യുവന്റസ് മുന്നോട്ടു പോയിരുന്നെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി ഹാലൻഡ് ആ ഓഫർ തഴയുകയായിരുന്നു.

2017ൽ മോൾഡെ സീനിയർ ടീമിലെത്തിയ ഹാലാൻഡ് അവിടെ നിന്നും 2019ൽ ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ എത്തിയതോടെയാണ് യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. അതിനു ശേഷം ബൊറൂസിയ ഡോർട്മുണ്ടിലെത്തി അസാമാന്യ ഫോമിൽ കളിക്കുന്ന ഹാലാൻഡ് നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാൾ കൂടിയാണ്.

അന്നു ഹാലൻഡിനെ സ്വന്തമാക്കാൻ കഴിയാതിരുന്നതിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന് ചെറുബിനിയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ഞങ്ങൾക്കതുണ്ട്, വ്യത്യസ്‌തമായി എന്തെങ്കിലും പറയുന്നത് മണ്ടത്തരമാകും. എന്നിരുന്നാലും കാര്യങ്ങളെ സാന്ദർഭികമായി കണക്കാക്കണം." ടുട്ടോ സ്പോർട്ടിനോട് അദ്ദേഹം പറഞ്ഞു.

"യുവകളിക്കാർക്ക് ലോണിൽ മറ്റു ക്ലബുകളിൽ പോകുന്നതിൽ പേടിയുണ്ടാകാം. ഞങ്ങൾ U23 പദ്ധതിയുടെ തുടക്കത്തിൽ ആയിരുന്നു. ഒരുപക്ഷെ താരത്തിന് ഞങ്ങൾ നൽകിയ വീക്ഷണം ആവേശകരമായിരിക്കില്ല. ലോണിൽ പോവുകയെന്നത് അദ്ദേഹത്തെ പോലെയൊരു താരത്തിന് അനുയോജ്യമായിരിക്കില്ല. ഒരുപക്ഷെ ഇന്നു കാര്യങ്ങൾ വ്യത്യസ്‌തമായിരിക്കാം," ചെറുബിനി വ്യക്തമാക്കി.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എസി മിലാനിൽ നിന്നും ഫ്രീ ട്രാൻസ്‌ഫറിൽ ജിയാൻലൂയിജി ഡോണറുമ്മയെ സ്വന്തമാക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നിലവിലെ കീപ്പറായ ഷെസിനിയുമായി ദീഘകാലകരാർ ഉണ്ടായിരുന്നതു കൊണ്ടാണ് ഡോണറുമ്മയെ സ്വന്തമാക്കാതിരുന്നത് എന്നും രണ്ടു പ്രധാന ഗോൾകീപ്പർമാരെ ടീമിലെത്തിച്ച പിഎസ്‌ജിയുടെ സമീപനം നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit