ഏജന്റിന്റെ ആവശ്യം നടക്കില്ല, ഡിബാലയുമായി കരാർ പുതുക്കാൻ പുതിയ ഓഫർ നൽകി യുവന്റസ്

Juventus v Torino FC - Serie A
Juventus v Torino FC - Serie A / Ciancaphoto Studio/GettyImages
facebooktwitterreddit

ഈ സീസണോടെ കരാർ അവസാനിച്ച് ഫ്രീ ഏജന്റാകാൻ പോകുന്ന പൗളോ ഡിബാലയുമായുള്ള കോണ്ട്രാക്റ്റ് പുതുക്കാൻ പുതിയ ഓഫർ യുവന്റസ് നൽകിയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഒക്ടോബറിൽ താരത്തിന്റെ കരാർ പുതുക്കാൻ വേണ്ടി നൽകിയ അതെ ഓഫർ തന്നെയാണ് യുവന്റസ് മുന്നോട്ടു വെച്ചതെങ്കിലും അതിൽ നിന്നും ഏജന്റിന്റെ കമ്മീഷൻ ഒഴിവാക്കണമെന്ന ഉപാധിയുണ്ടെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു.

നിരവധി വർഷങ്ങളായി യുവന്റസിന്റെ പ്രധാനതാരമായ ഡിബാലക്ക് എട്ടു മില്യൺ ഒരു സീസണിൽ പ്രതിഫലവും മൂന്നു മില്യൺ വരെ പ്രകടനം അടിസ്ഥാനമാക്കിയുള്ള ബോണസും നൽകുന്ന കരാർ 2021 ഒക്ടോബറിൽ അംഗീകരിച്ചതായിരുന്നു. എന്നാൽ പിന്നീട് താരം നിരന്തരം പരിക്കിന്റെ പിടിയിൽ അകപ്പെടുന്നതും കളിക്കളത്തിൽ സ്ഥിരത പുലർത്താത്തതും കാരണം വേതനവ്യവസ്ഥകൾ കുറക്കാൻ യുവന്റസ് ശ്രമം നടത്തി.

യുവന്റസിൽ നീക്കത്തിൽ വളരെയധികം അസ്വസ്ഥനായ താരം പിന്നീട് ഇതുവരെയും കരാർ ചർച്ചകൾ ക്ലബുമായി നടത്തിയിട്ടില്ല. ഈ സീസണു ശേഷം ഫ്രീ ഏജന്റാകുന്ന താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുള്ള സാഹചര്യത്തിലാണ് യുവന്റസ് കരാർ പുതുക്കാൻ ഒക്ടോബറിൽ നൽകിയ അതെ വ്യവസ്ഥകൾ മുന്നോട്ടു വെച്ചിരിക്കുന്നത്. എന്നാൽ മുൻപു നൽകിയ ഓഫറിൽ നിന്നും ഏജന്റിന്റെ കമ്മീഷൻ ഒഴിവാക്കണമെന്നാണ് ഇറ്റാലിയൻ ക്ലബിന്റെ ആവശ്യം.

യുവന്റസിൽ തന്നെ തുടരാൻ താൽപര്യമുള്ള ഡിബാലയും ഏജന്റും തമ്മിൽ അകലാൻ സാധ്യതയുള്ള ഒരു നീക്കമാണ് യുവന്റസ് നടത്തിയിരിക്കുന്നത് എന്നതിൽ സംശയമില്ല. യുവന്റസ് മുന്നോട്ടു വെച്ച ഓഫർ താരം സ്വീകരിച്ചാൽ അത് സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതേസമയം ഡിബാല ഏജന്റിനെ പിന്തുണച്ച് ആ വാഗ്‌ദാനം നിരസിച്ചാൽ താരത്തെ നഷ്‌ടപ്പെടാനുള്ള സാധ്യതയുമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.