Football in Malayalam

അഴിച്ചു പണിക്കൊരുങ്ങുന്ന യുവന്റസിൽ റൊണാൾഡോയടക്കമുള്ള താരങ്ങൾ സുരക്ഷിതരല്ല, അന്ത്യശാസനം നൽകി ക്ലബ് ചെയർമാൻ

Sreejith N
Torino FC v Juventus - Serie A
Torino FC v Juventus - Serie A / Giorgio Perottino/Getty Images
facebooktwitterreddit

കഴിഞ്ഞ ഒൻപതു വർഷം തുടർച്ചയായി നേടിയ സീരി എ കിരീടം ഈ സീസണിൽ ഇന്ററിനു മുന്നിൽ അടിയറ വെക്കാനൊരുങ്ങുന്ന യുവന്റസിൽ റൊണാൾഡോയാടക്കം ഒരു താരവും സുരക്ഷിതരല്ലെന്നും, കഴിഞ്ഞ സീരി എ മത്സരത്തിൽ ടോറിനോയോട് നിരാശപ്പെടുത്തുന്ന സമനില വഴങ്ങിയ യുവന്റസിന്റെ ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ താരങ്ങൾക്കും സ്റ്റാഫുകൾക്കുമുള്ള പരീക്ഷയാണെന്നും റിപ്പോർട്ടുകൾ.

നിലവിൽ ഇറ്റാലിയൻ ലീഗിൽ നാലാം സ്ഥാനത്താണ് യുവന്റസ് നിൽക്കുന്നത്. അതെ പോയിന്റുമായി അഞ്ചാം സ്ഥാനത്തു നിൽക്കുന്ന നാപ്പോളിയെ അടുത്ത മത്സരത്തിൽ നേരിടാനൊരുങ്ങുന്ന യുവന്റസ് കഴിഞ്ഞ സീസണിലെ സാഹചര്യം പരിഗണിക്കുമ്പോൾ പതിനാറു പോയിന്റ് പുറകിലാണ് ഇപ്പോഴുള്ളത്. നാപോളിയോട് തോൽവി വഴങ്ങിയാൽ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഒന്നുകൂടി കടുപ്പമാവും.

ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമാകുന്നത് സാമ്പത്തികമായി യാതൊരു ദോഷവും വരുത്തില്ലെന്ന ആത്മവിശ്വാസം യുവന്റസിനുണ്ടെങ്കിലും അങ്ങനെ സംഭവിച്ചാൽ ക്ലബിന്റെ പദ്ധതികളിൽ തന്നെ അടിമുടി മാറ്റം വരുത്താനാണ് ചെയർമാൻ ആന്ദ്രേ ആഗ്നല്ലി ഒരുങ്ങുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. റൊണാൾഡോ, റാംസി, റാബിയറ്റ്, ഡിബാല, ഡി ലൈറ്റ്, മൊറാട്ട, ക്ലബ് ചീഫ് ഫുട്ബോൾ ഓഫിസർ പരാറ്റിക്കി എന്നിവരുടെ ഭാവിയെല്ലാം ഇതോടെ സങ്കീർണമാകും.

പിഴവുകൾ ആവർത്തിക്കുന്നതും ടീം മെച്ചപ്പെടാത്തതും താരങ്ങൾ തമ്മിൽ മനോഭാവത്തിലുള്ള വ്യത്യാസവുമാണ് യുവന്റസിന്റെ നിലവിലെ മോശം പ്രകടനത്തിന് കാരണമെന്നാണ് ആഗ്നല്ലി കരുതുന്നത്. അതുകൊണ്ടു തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായാൽ മറിച്ചൊന്നും ചിന്തിക്കാതെ ടീമിനെ മെച്ചപ്പെടുത്താൻ കടുത്ത തീരുമാനങ്ങൾ ആഗ്നല്ലി എടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനു പുറമെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ശമ്പളം വാങ്ങുന്ന, ടീമിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്ത താരങ്ങളെ ഒഴിവാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും യുവന്റസ് ആലോചിക്കുന്നുണ്ട്. ഇതിനു പുറമെ പിർലോയെ ഒഴിവാക്കി പുതിയ പരിശീലകനും പുതിയ പദ്ധതികളുമായി തിരിച്ചുവരവ് നടത്താനാണ് ആഗ്നല്ലിയുടെ പദ്ധതി.

facebooktwitterreddit