Football in Malayalam

റൊണാൾഡോക്ക് പകരക്കാരനെയെത്തിക്കാൻ ഏഴു താരങ്ങളുടെ പട്ടിക തയ്യാറാക്കി യുവന്റസ്

Sreejith N
Cristiano Ronaldo of Juventus Fc  during warm up before the...
Cristiano Ronaldo of Juventus Fc during warm up before the... / Marco Canoniero/Getty Images
facebooktwitterreddit

യൂറോ കിരീടം നിലനിർത്താൻ തയ്യാറെടുക്കുന്ന പോർചുഗലിനു വേണ്ടി തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയ താരം ടൂർണമെന്റിലെ ടോപ് സ്‌കോറർ സ്ഥാനം സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന റൊണാൾഡോയെ അടുത്ത സീസണിൽ നിലനിർത്താൻ താരത്തിന്റെ ക്ലബായ യുവന്റസിനു പദ്ധതിയില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റൊണാൾഡോ ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോറർ സ്ഥാനവും യുവന്റസ് രണ്ടു കിരീടങ്ങളും സ്വന്തമാക്കിയെങ്കിലും ക്ലബിന്റെ സംബന്ധിച്ച് സീസൺ നിരാശപ്പെടുത്തുന്നതായിരുന്നു. ഒൻപതു വർഷമായി ലീഗ് കിരീടം നേടിക്കൊണ്ടിരുന്ന ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നുവെന്നതാണ് അതിനു പ്രധാന കാരണം. അതിന്റെ ഭാഗമായി പരിശീലകൻ പിർലോ പുറത്താക്കപ്പെടുകയും ചെയ്‌തു.

പിർലോയുടെ ഒഴിവിലേക്ക് പരിശീലകനായി മാസിമിലിയാനോ അല്ലെഗ്രി എത്തിയതോടെ പുതിയ ടീമിനെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് വമ്പൻ തുക പ്രതിഫലമായി വാങ്ങുന്ന റൊണാൾഡോയെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ യുവന്റസ് ഒരുങ്ങുന്നത്. പോർച്ചുഗൽ നായകനു പകരക്കാരനായി ടീമിലെത്തിക്കുന്നതിനു വേണ്ടി ഏഴു താരങ്ങളുടെ പട്ടിക യുവന്റസ് തയ്യാറാക്കിയെന്ന് ഇൽ ബിയാൻകോനേരോയെ അടിസ്ഥാനമാക്കി ദി മിറർ റിപ്പോർട്ടു ചെയ്‌തു.

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസാണ് യുവന്റസിന്റെ പരിഗണനയിലുള്ള പ്രധാന താരം. എർലിങ് ഹാലൻഡ്‌, ലുക്കാക്കു എന്നിവർക്കായി ശ്രമം നടത്തുന്ന സിറ്റിയിൽ നിന്നും ബ്രസീലിയൻ സ്‌ട്രൈക്കറെ എളുപ്പത്തിൽ സ്വന്തമാക്കാനെന്നാണ് യുവന്റസ് കരുതുന്നത്. ഇതിനു പുറമെ റോമയുടെ ബോസ്‌നിയൻ സ്‌ട്രൈക്കർ എഡ്വിൻ സീക്കോ, പിഎസ്‌ജിയുടെ അർജന്റീനിയൻ താരം മൗറോ ഇകാർഡി എന്നിവരെയും യുവന്റസ് അടുത്ത സീസണിലേക്കായി പരിഗണിക്കുന്നു.

സ്‌ട്രൈക്കറായില്ലെങ്കിലും മുന്നേറ്റനിരയിലേക്ക് ബാഴ്‌സലോണ താരം ഒസ്മാനെ ഡെംബലയെയും യുവന്റസ് പരിഗണിക്കുന്നുണ്ട്. ഇതിനു പുറമെ നാപ്പോളി സ്‌ട്രൈക്കറായ ആന്ദ്രേ പെറ്റാഗ്ന, മാഴ്‌സയുടെ ആർകെഡിയോസ് മിലിക്ക്, ഫിയോറെന്റീനയുടെ ഇരുപത്തിയൊന്നുകാരനായ താരം ദൂസൻ വ്ലാഹോവിച്ച് എന്നിവരാണ് യുവന്റസിന്റെ റഡാറിലുള്ള മറ്റു താരങ്ങൾ.


facebooktwitterreddit