പ്രതിരോധം തകർന്നടിഞ്ഞ് യുവന്റസ്, യൂറോപ്പിലെ ഏറ്റവും മോശം റെക്കോർഡുമായി ഇറ്റാലിയൻ ക്ലബ്


പ്രതിരോധ ഫുട്ബോളിന്റെ വക്താക്കളായി എക്കാലവും തുടർന്നിരുന്ന യുവന്റസിനു സമീപകാലത്ത് ചില തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും അല്ലെഗ്രി പരിശീലകനായി വീണ്ടും എത്തിയതോടെ അവരുടെ പ്രതീക്ഷകൾ ചിറകു മുളച്ചിരുന്നു. നിരവധി കിരീടങ്ങൾ സ്വന്തമാക്കി നൽകിയ ഇറ്റാലിയൻ പരിശീലകൻ കഴിഞ്ഞ സീസണിൽ പുറകിലേക്കു പോയ ടീമിനെ ഉയർത്തിയെടുത്ത് പഴയ ഫോമിലേക്ക് തിരിച്ചു കൊണ്ടു വരുമെന്ന് ഓരോ ആരാധകനും സ്വപ്നം കണ്ടു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോ ടീം വിട്ടെങ്കിലും താരത്തിന്റെ അഭാവം പരിഹരിച്ച് ടീമിനെ കെട്ടുറപ്പുള്ളതാക്കി മാറ്റാൻ അല്ലെഗ്രിക്ക് കഴിയുമെന്നു തന്നെയാണ് ഏവരും കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം എസി മിലാനോട് സമനില വഴങ്ങിയതോടെ നാലു മത്സരങ്ങളിൽ നിന്നും വെറും രണ്ടു പോയിന്റുമായി പോയിന്റ് ടേബിളിൽ പതിനെട്ടാം സ്ഥാനത്തു നിൽക്കുന്ന യുവന്റസ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് നടത്തുന്നത്.
Juventus on worst defensive run in top five European leagues after draw with AC Milan https://t.co/8zyzynF8Xj pic.twitter.com/tIxDbs9taX
— Goal South Africa (@GoalcomSA) September 20, 2021
ഈ സീസണിൽ ഒരു ലീഗ് മത്സരം പോലും വിജയിച്ചിട്ടില്ലാത്ത യുവന്റസ് കഴിഞ്ഞ പതിനെട്ടു ലീഗ് മത്സരത്തിലും ഒന്നോ അതിലധികമോ ഗോൾ വഴങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിലവിൽ യൂറോപ്പിലെ തന്നെ ഒരു ടീമിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 2010ൽ നേടിയ പത്തൊൻപതു മത്സരങ്ങളിൽ ക്ളീൻഷീറ്റ് ഇല്ലെന്ന മോശം റെക്കോർഡിന് ഒരു മത്സരം മാത്രം അകലെ നിൽക്കുന്ന യുവന്റസ് അവരുടെ എക്കാലത്തെയും മോശം പ്രകടനത്തിന് മൂന്നു മത്സരം മാത്രവും അകലെയാണ്.
ഇതിനു പുറമെ സീസൺ ആരംഭിച്ചതിനു ശേഷം ലീഗിലെ ആദ്യത്തെ നാല് മത്സരങ്ങളിലും വിജയം നേടാതിരുന്ന നാലാമത്തെ യുവന്റസ് പരിശീലകനെന്ന മോശം റെക്കോർഡും അല്ലെഗ്രിക്ക് സ്വന്തമായി. ഇതിനു മുൻപ് 1942-43, 1955-56, 1961-62 എന്നീ സീസണുകളിൽ മാത്രമാണ് സമാനമായൊരു അവസ്ഥ ഇറ്റാലിയൻ ക്ലബിനു നേരിടേണ്ടി വന്നിട്ടുള്ളത്.
പ്രതിരോധത്തിലാണ് ടീം പിഴവുകൾ വരുത്തുന്നതെന്ന് കഴിഞ്ഞ മത്സരത്തിനു ശേഷം അല്ലെഗ്രി അഭിപ്രായപ്പെട്ടിരുന്നു. എസി മിലാനെതിരായ സമനില ഒരു മോശം പ്രകടനമല്ലെന്നു വിലയിരുത്തിയ അദ്ദേഹം ഇത്തരം പിഴവുകൾ വരുത്തിയാൽ ടീമിന് സീരി എ കിരീടം സ്വന്തമാക്കുക ദുഷ്കരമായിരിക്കും എന്നാണ് പറയുന്നത്. ഒരു മത്സരം വിജയിക്കുന്നതും ലീഗ് വിജയിക്കുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ടെന്നും അല്ലെഗ്രി ഓർമിപ്പിച്ചു.