റൊണാൾഡോ പോയതോടെ യുവന്റസ് ഡിബാലയുടെ ടീമായി, അർജന്റീന താരം യഥാർത്ഥ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് കില്ലിനി


റൊണാൾഡോ ടീമിലുണ്ടായിരുന്ന സമയത്ത് താരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുവന്റസ് കളിച്ചിരുന്നുവെന്നു വെളിപ്പെടുത്തി പ്രതിരോധതാരം ജോർജിയോ കില്ലിനി. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതോടെ യുവന്റസ് ഡിബാലയുടെ ടീമായി മാറിയെന്നും റൊണാൾഡൊയുണ്ടായിരുന്ന കഴിഞ്ഞ സീസണുകളിൽ മങ്ങിയ പ്രകടനം നടത്തിയ അർജന്റീന താരത്തിന് തന്റെ മികവു തിരിച്ചു പിടിക്കാൻ കഴിയുമെന്നും കില്ലിനി അഭിപ്രായപ്പെട്ടു.
റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷം ടീമിന്റെ പ്രധാന താരമായി മാറിയ റൊണാൾഡോ മൂന്നു സീസണുകളിലും ടോപ് സ്കോറർ ആയിരുന്നു. എന്നാൽ ഇറ്റലിയിൽ പൂർണമായും തൃപ്തനല്ലായിരുന്ന താരം ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുകയും അവർക്കു വേണ്ടി ആദ്യ മത്സരത്തിൽ ഇരട്ടഗോളുകൾ നേടി ടീമിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കുകയും ചെയ്തിരുന്നു.
Giorgio Chiellini: Cristiano Ronaldo’s Juventus exit means ‘this will be Paulo Dybala’s team’ https://t.co/T58iEyHQBm
— TODAY (@todayng) September 13, 2021
"ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലൊരു ലോകോത്തര കളിക്കാരൻ നിങ്ങളുടെ ടീമിലുണ്ടെങ്കിൽ, അവനു വേണ്ടി കളിക്കാൻ ടീമിനെ ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. ക്രിസ്റ്റ്യാനോ ഈ വർഷങ്ങളിൽ യുവന്റസിൽ ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ നന്ദിയുള്ളവരായിരിക്കണം. പക്ഷെ ഞങ്ങൾക്കു മുന്നോട്ടു പോകേണ്ടതുണ്ട്."
"ഇതിനി പൗളോ ഡിബാലയുടെ ടീമായിരിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം കാരണം ഡിബാല ശരാശരി ഗോളുകളുടെ എണ്ണം കുറച്ചിരുന്നു. പക്ഷെ, ഈ ടീമിലെ പ്രധാന താരമാണ് അദ്ദേഹം, അതെല്ലാവരും അംഗീകരിക്കുന്നു," ഡിഎസെഡ്എന്നിനോട് കില്ലിനി പറഞ്ഞു.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുത്തു തിരിച്ചെത്തിയ ഡിബാലയെ ഒഴിവാക്കിയാണ് യുവന്റസ് നാപ്പോളിക്കെതിരായ ടീം പ്രഖ്യാപിച്ചിരുന്നത്. മത്സരത്തിൽ യുവന്റസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽക്കുകയും ചെയ്തു. എന്നാൽ മാൽമോയുമായി നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം കളിക്കുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.