Football in Malayalam

സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ റൊണാൾഡോയുടെ അവസാന നിമിഷ ട്രാൻസ്ഫറിനെ വിമർശിച്ച് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലഗ്രി

By Gokul Manthara
Massimiliano Allegri (R), head coach of Juventus FC, holds...
Massimiliano Allegri (R), head coach of Juventus FC, holds... / Nicolò Campo/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനമായിരുന്നു പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. ട്രാൻസ്ഫർ ജാലകത്തിൽ ഇത്ര വൈകി ക്ലബ്ബ് വിട്ടതു കൊണ്ട് അദ്ദേഹത്തിന്‌ പകരക്കാരനെ ടീമിലേക്ക് കൊണ്ടു വരാനുള്ള സാവകാശം യുവന്റസിന് ലഭിച്ചില്ല. ഇത് 2021-22 സീസണിൽ ടീമിനെ ബാധിച്ചിട്ടുമുണ്ട്.

ട്രാൻസ്ഫർ ജാലകം അവസാനിക്കാറായ സമയത്ത് റൊണാൾഡോ ക്ലബ്ബ് വിട്ടത് യുവന്റസിന് തിരിച്ചടിയായെന്ന തരത്തിൽ അന്ന് മുതൽക്കേ സംസാരം ഉയരുന്നുണ്ട്. അതിനിടെ ഇപ്പോളിതാ‌ റൊണാൾഡോയുടെ ട്രാൻസ്ഫറിനെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് യുവന്റസ് പരിശീലകനായ മാസിമിലിയാനോ അല്ലഗ്രി. റൊണാൾഡോയുടെ ട്രാൻസ്ഫർ നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിൽ യുവന്റസിന് ട്രാൻസ്ഫർ ജാലകത്തിൽ മറ്റൊരു രീതിയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന അല്ലഗ്രി, ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മൂന്ന്‌ ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് പകരക്കാരനെ കൊണ്ടു വരുന്നത് സാധ്യമായിരുന്നില്ല എന്നും കൂട്ടിച്ചേർത്തു.

"ആഗസ്റ്റ് 28ന്, ട്രാൻസ്ഫർ വിപണി അവസാനിക്കുന്നതിന് മൂന്ന്‌ ദിവസങ്ങൾക്ക് മുൻപ് നിങ്ങൾക്ക് അവന് (റൊണാൾഡോക്ക്) പകരക്കാരനെ കണ്ടെത്താനുള്ള സാധ്യതയില്ല എന്നത് സാധാരണമാണ്. അവൻ ഒരു മാസം മുൻപേ പോയിരുന്നുവെങ്കിൽ ഒരു പക്ഷേ ക്ലബ്ബിന് മറ്റൊരു രീതിയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചേനെ. ഇത് വിപണിയുമായി ബന്ധപ്പെട്ട ഒരു ചോദ്യം മാത്രമാണ്. അത് കുഴപ്പങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല," ഡി എ ഇസഡ് എന്നിനോട് സംസാരിക്കവെ അല്ലഗ്രി പറഞ്ഞു.

അതേ സമയം ഈ സീസണിൽ ദയനീയ ഫോമിലാണ് യുവന്റസ് കളിച്ചു കൊണ്ടിരിക്കുന്നത്. സീരി എയിൽ ഇക്കുറിച്ച കളിച്ച 11 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് മാത്രം നേടാനായ യുവന്റസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണുള്ളത്. ലീഗിൽ അവസാനം കളിച്ച 2 മത്സരങ്ങളിലും പരാജയപ്പെട്ട് നിൽക്കുകയാണ് ഇപ്പോൾ അവർ.


facebooktwitterreddit