റൊണാൾഡോയുടെ സാന്നിധ്യം യുവന്റസിലുണ്ടാക്കിയ പ്രതികൂല സ്വാധീനമെന്തായിരുന്നുവെന്ന് വെളിപ്പെടുത്തി ലിയനാർഡോ ബൊനൂച്ചി

2018ലായിരുന്നു പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കെത്തിയത്. 3 വർഷം അവർക്കായി കളിച്ച റോണോ ക്ലബ്ബിനായി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. എന്നാൽ റൊണാൾഡോയുടെ സാന്നിധ്യം യുവന്റസിൽ ചില പ്രതികൂല സ്വാധീനവും സൃഷ്ടിച്ചിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ക്ലബ്ബിന്റെ ഇറ്റാലിയൻ പ്രതിരോധ താരമായ ലിയനാർഡോ ബൊനൂച്ചി.
റൊണാൾഡോയുടെ സാന്നിധ്യം യുവന്റസ് താരങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കിയെന്ന് പറയുന്ന ബൊനൂച്ചി, മത്സരങ്ങൾ ജയിക്കാൻ ലോകത്തെ ഏറ്റവും മികച്ച താരമായ അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതിയെന്ന് ടീമിലെ കളിക്കാർ ചിന്തിച്ചു തുടങ്ങിയെന്നും അത് യുവന്റസിന് തിരിച്ചടിയായെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അത്ലറ്റിക്കിനോട് സംസാരിക്കവെയായിരുന്നു ബൊനൂച്ചി ഇക്കാര്യത്തിൽ മനസ് തുറന്നത്.
"റൊണാൾഡോയുടെ സാന്നിധ്യം ഞങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. അദ്ദേഹത്തോടൊപ്പം വെറുതെ പരിശീലനം നടത്തുന്നത് പോലും ഞങ്ങൾക്ക് അധികമായ ചില കാര്യങ്ങൾ നൽകി. എന്നാൽ മത്സരങ്ങൾ ജയിക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതിയെന്ന് കളിക്കാർ അവരുടെ ഉപബോധ മനസിൽ ചിന്തിക്കാൻ തുടങ്ങി.
"ദൈനംദിന പ്രവർത്തിയും, വിനയവും, സമർപ്പണവും, ഞങ്ങളിൽ കുറഞ്ഞ് തുടങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിങ്ങൾക്കത് കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു," ബൊനൂച്ചി പറഞ്ഞു.
റൊണാൾഡോ യുവന്റസിനായി മികച്ച പ്രകടനം തന്നെ പുറത്തെടുത്തെന്ന് ചൂണ്ടിക്കാട്ടുന്ന ബൊനൂച്ചി, എന്നാൽ സഹതാരങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ലെന്ന തരത്തിലാണ് സംസാരിക്കുന്നത്. റൊണാൾഡോയെ ടീമിന് വേണ്ടിയിരുന്നത് പോലെ റൊണാൾഡോക്കും ടീമിനെ വേണ്ടിയിരുന്നുവെന്ന് ഇതിനൊപ്പം പറയാനും ബൊനൂച്ചി മറന്നില്ല.
അതേ സമയം, 2018ൽ യുവന്റസിലെത്തിയ റൊണാൾഡോ ക്ലബ്ബിനായി മൊത്തം 134 മത്സരങ്ങളിലാണ് ജേഴ്സിയണിഞ്ഞത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 101 ഗോളുകളും 22 അസിസ്റ്റുകളുമായിരുന്നു താരത്തിന്റെ സമ്പാദ്യം. യുവന്റസിനൊപ്പം രണ്ട് സീരി എ കിരീടങ്ങളിൽ മുത്തമിട്ട റോണോ, കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവയിലും അവർക്കൊപ്പം കിരീടം ചൂടി.