Football in Malayalam

റൊണാൾഡോയടക്കം മൂന്നു പേരെ ഒഴിവാക്കി യുവന്റസ് അഴിച്ചു പണിയണമെന്ന് മുൻ ക്ലബ് പ്രസിഡന്റ്

Sreejith N
2018ലാണ് റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയത്
2018ലാണ് റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയത് / Jonathan Moscrop/Getty Images
facebooktwitterreddit

പോർട്ടൊക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം കഴിഞ്ഞതോടെ റൊണാൾഡോയുടെ യുവന്റസ് കരിയറിനെ കുറിച്ച് പല ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനുള്ള എല്ലാ അവസരവുമുണ്ടായിട്ടും അതിനു കഴിയാതെ യുവന്റസ് പുറത്തായ മത്സരത്തിൽ പോർട്ടോ നേടിയ നിർണായക ഗോളിന് കാരണമായി റൊണാൾഡോ വരുത്തിയ പിഴവാണ് താരത്തിനെതിരായ വിമർശനങ്ങളെ ശക്തമാക്കിയത്.

ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാനുള്ള ടീമിന്റെ പദ്ധതികൾക്ക് ഊർജ്ജം പകരാൻ വേണ്ടിയാണ് റയൽ മാഡ്രിഡിൽ നിന്നും നൂറു മില്യൺ മുടക്കി റൊണാൾഡോയെ യുവന്റസ് എത്തിച്ചത്. എന്നാൽ താരം വന്നിട്ട് മൂന്നാമത്തെ സീസൺ പൂർത്തിയാക്കുമ്പോഴും ചാമ്പ്യൻസ് ലീഗിൽ കുതിപ്പ് കാണിക്കാൻ യുവന്റസിന് കഴിഞ്ഞിട്ടില്ല. ഈ മൂന്നു സീസണുകളിൽ അയാക്‌സ്, ലിയോൺ, പോർട്ടോ എന്നിങ്ങനെ താരതമ്യേനെ കരുത്തു കുറഞ്ഞ ടീമുകളോടാണ് യുവന്റസ് തോറ്റതെന്നതും എടുത്തു പറയേണ്ടതാണ്.

ഇപ്പോൾ താരത്തെ യുവന്റസ് ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് ഇറ്റാലിയൻ ക്ലബിന്റെ മുൻ പ്രസിഡന്റായ ജിയോവാനി കോബോളി ഗിഗ്‌ളിയാണ്. റൊണാൾഡോ യുവന്റസിനെ സംബന്ധിച്ചിടത്തോളം ഒരു തെറ്റായ സൈനിങ്‌ ആയിരുന്നുവെന്നാണ് റേഡിയോ പുന്റോ നുയോവോയോട് സംസാരിക്കുമ്പോൾ കോബോളി പറഞ്ഞത്.

"റൊണാൾഡോ തീർച്ചയായും ഒരു തെറ്റായ സൈനിങ്‌ ആയിരുന്നു. അദ്ദേഹം യുവന്റസിലെത്തിയ ആദ്യ ദിവസം മുതൽ ഞാനിതു പറയുന്നുണ്ട്. റൊണാൾഡോ ഒരു ചാമ്പ്യനായിരിക്കാം, പക്ഷെ അദ്ദേഹം വളരെ ചിലവേറിയ താരമാണ്. ഇനിയിതിൽ യുവന്റസാണ് തീരുമാനം എടുക്കേണ്ടത്. അവർ അദ്ദേഹത്തിന്റെ ഓരോ ഗോളിനും ഒരു മില്യൺ യൂറോയാണ് നൽകുന്നത്," കോബോളി പറഞ്ഞു.

"ആഗ്നല്ലി സ്വയം വിമർശനം നടത്തി നോക്കണം, എന്നാൽ അദ്ദേഹത്തിന് മികച്ച സഹകാരികളില്ലെന്ന പ്രശ്‌നമുണ്ട്. പിർലോയെ ഞാൻ കുറ്റം പറയില്ല. ഞാൻ ഫെറാറയെ നിയമിച്ചതും ഗുണം ചെയ്തിരുന്നില്ല. ആഗ്നല്ലി ഒരു സാഹസമാണ് നടത്തിയത്. സാരിയെ വേണ്ടാതിരുന്ന ആഗ്നെല്ലി അദ്ദേഹത്തെ സ്വീകരിച്ചത് നെദവെദും പരാറ്റിക്കിയും നടത്തിയ സമ്മർദ്ദമാണ് മൂലമാണ്. യുവന്റസ് പുതുക്കി പണിയേണ്ടത് അത്യാവശ്യമാണ്."

നെദവെദ് ഒരു ചാമ്പ്യനാണെങ്കിലും യുവന്റസിന്റെ വൈസ് പ്രസിഡന്റായിരിക്കാനുള്ള കഴിവില്ലെന്നും ടീമിൽ അദ്ദേഹത്തിന്റെ വേഷത്തെക്കുറിച്ച് പുനഃപരിശോധന നടത്തണമെന്നും കബോളി പറഞ്ഞു. റൊണാൾഡോക്ക് പുറമെ പരാറ്റിക്കിയെയും യുവന്റസ് അടുത്ത സമ്മറിൽ ഒഴിവാക്കണമെന്നും മുൻ പ്രസിഡന്റ് വ്യക്തമാക്കി.

facebooktwitterreddit