Football in Malayalam

അർജന്റീനിയൻ സ്‌ട്രൈക്കറുടെ ഗോളിൽ യുവന്റസിന് തോൽവി, ടീമിലെ താരങ്ങൾക്ക് നിർദ്ദേശവുമായി പിർലോ

Sreejith N
Juventus v Benevento Calcio - Italian Serie A
Juventus v Benevento Calcio - Italian Serie A / Soccrates Images/Getty Images
facebooktwitterreddit

അർജന്റീനിയൻ യുവ സ്‌ട്രൈക്കറായ അഡോൾഫ് ഗെയ്ച്ചിന്റെ ഒരേയൊരു ഗോളിൽ ബെനവന്റൊക്കെതിരെ തോൽവി വഴങ്ങിയതിനു പിന്നാലെ ടീമിലെ താരങ്ങൾക്ക് നിർദ്ദേശവുമായി പരിശീലകൻ ആന്ദ്രേ പിർലോ. തോൽ‌വിയിൽ നിരാശരാവാതെ സ്വന്തം കഴിവിൽ വിശ്വസിക്കുന്നത് തുടരണമെന്നും യുവന്റസ് ജേഴ്‌സിയോടുള്ള ബഹുമാനം കളിക്കളത്തിൽ കാഴ്‌ച വെക്കണമെന്നുമാണ് പിർലോ മത്സരത്തിന് ശേഷം പറഞ്ഞത്.

"വിശ്വാസം കൈവിടാതെ നമ്മുടെ പാതയിൽ തന്നെ മുന്നോട്ടു പോയാൽ നമുക്ക് മുന്നേറാനാവും. നമ്മുടെ ലക്ഷ്യത്തിൽ മാറ്റമില്ലെന്ന് ഞാൻ ഇന്നലെ പറയുകയുണ്ടായി, എന്നാൽ അതിനു വേണ്ടി തീർത്തും വ്യത്യസ്‌തമായ മനോഭാവമാണ് പുലർത്തേണ്ടത്. വളരെ മഹത്തായ ജേഴ്‌സിയാണ് നമ്മൾ അണിയുന്നത്, അതിനെ ബഹുമാനിക്കണം," മത്സരത്തിനു ശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയയോട് യുവന്റസ് പരിശീലകൻ പറഞ്ഞു.

"ഒരു സമ്മർദ്ദവും തരുന്നില്ല, കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷ മാത്രമേയുള്ളു. എന്തായാലും എല്ലാ തലത്തിലും ഇതൊരു മോശം ദിവസമായിരുന്നു. ടീമിന്റെ മനോഭാവം, സാങ്കേതിക പിഴവുകൾ, എല്ലാം. ഇതുപോലെ കളിക്കുകയാണെങ്കിൽ തോൽക്കുന്നത് സ്വാഭാവികമാണ്."

സീരി എയിൽ തരം താഴ്ത്തൽ മേഖലയിൽ നിൽക്കുന്ന ക്ലബാണ് ബെനെവെന്റോ. മത്സരത്തിൽ എഴുപത്തിമൂന്നു ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും 16 ഷോട്ടുകൾ ഉതിർത്തിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിൽ ഉണ്ടായിട്ടും തോൽവി ഒഴിവാക്കാൻ യുവന്റസിന് കഴിഞ്ഞില്ല. ഇതോടെ സീരി എ കിരീടത്തിനുള്ള യുവന്റസിന്റെ സാധ്യതകൾ ഒന്നുകൂടി മങ്ങുകയും ചെയ്തിട്ടുണ്ട്.

സീരി എയിൽ ഇനി പതിനൊന്നു മത്സരങ്ങൾ കളിക്കാനിരിക്കെ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനുമായി പത്തു പോയിന്റ് വ്യത്യാസമാണ് യുവന്റസിനുള്ളത്. നിലവിൽ മൂന്നാം സ്ഥാനത്താണെങ്കിലും അറ്റലാന്റ, നാപ്പോളി, റോമാ, ലാസിയോ എന്നീ ടീമുകൾ വെല്ലുവിളി ഉയർത്തുന്നത് കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് യുവന്റസ് സ്ഥിരതയുള്ള പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്.

facebooktwitterreddit