ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലുള്ളൊരു ഹിറ്റ്മാനെ യുവന്റസ് മിസ് ചെയ്യുന്നു; ഡി ലിറ്റ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലുള്ളൊരു ഹിറ്റ്മാനെ യുവന്റസ് മിസ് ചെയ്യുന്നുണ്ടെന്ന് ഇറ്റാലിയൻ ക്ലബിന്റെ ഡച്ച് ഡിഫന്‍ഡര്‍ മാതിയാസ് ഡി ലൈറ്റ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന് മുൻപുള്ള മൂന്ന് സീസണുകൾ യുവന്റസിന് ഒപ്പം ചിലവഴിച്ച റൊണാൾഡോ, സീരി എ വമ്പന്മാരുടെ മുൻനിരയിലെ നിർണായക സാന്നിധ്യമായിരുന്നു. യുവന്റസിന് വേണ്ടി 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ നേടിയതിന് ശേഷമായിരുന്നു റൊണാൾഡോ ക്ലബ് വിട്ടത്.
"അതെ (ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യുവന്റസിന് മിസ് ചെയ്യുന്നുണ്ട്) എന്നാണ് എനിക്ക് തോന്നുന്നത്. എപ്പോഴും ബോക്സിലേക്ക് കയറുകയും, ഗോള്‍ നേടുകയും ചെയ്യുന്ന കളിക്കാരനാണ് അദ്ദേഹം. അപൂര്‍വമായേ അദ്ദേഹം അവസരം പാഴാക്കാറുള്ളു," സീരി എയില്‍ ഉഡിനീസിനെതിരേയുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡി ലൈറ്റ് പറഞ്ഞതായി ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട് ചെയ്തു.
"സീസണിന്റെ തുടക്കം മുതല്‍ അത് (കൂടുതല്‍ ഗോളുകൾ നേടുന്ന ഒരു താരത്തെ) ഞങ്ങള്‍ക്ക് നഷ്ടമായി. ഓരോ സീസണിലും 30 ഗോളുകള്‍ സ്കോര്‍ ചെയ്യാന്‍ കഴിവുള്ളൊരു ഹിറ്റ്മാന് ഞങ്ങള്‍ക്കില്ല. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും എല്ലായിടിത്തുനിന്നും സ്കോര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്," ഡി ലൈറ്റ് കൂട്ടിച്ചേർത്തു.
സീരീ എ 2021/22 സീസണിൽ 22 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് മാത്രമേ യുവന്റസിന് എത്താന്‍ കഴിഞ്ഞിട്ടുള്ളു. ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍ മിലാനെക്കാള്‍ എട്ട് പോയിന്റിന് പിന്നിലാണ് യുവന്റസ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.