ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ മുപ്പത്തിരണ്ടു സെക്കൻഡിൽ ഗോൾ നേടി വ്ലാഹോവിച്ച്, സമനിലയിൽ നിരാശനായി അല്ലെഗ്രി


ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ വെറും മുപ്പത്തിരണ്ടു സെക്കൻഡിനുള്ളിൽ ദുസൻ വ്ലാഹോവിച്ച് ഗോൾ കണ്ടെത്തിയെങ്കിലും വിയ്യാറയലിനെതിരെ സമനില വഴങ്ങി യുവന്റസ്. ആദ്യമിനുട്ടിൽ തന്നെ സെർബിയൻ സ്ട്രൈക്കറുടെ ഗോളിൽ മുന്നിലെത്തിയ യുവന്റസ് അറുപത്തിയാറാം മിനുട്ടിൽ വിയ്യാറയൽ മധ്യനിരതാരം ഡാനി പറേജോ നേടിയ ഗോളിലാണ് സമനിലയിൽ കുരുങ്ങിയത്.'
എതിരാളികളുടെ മൈതാനത്ത് വിജയം നേടാമായിരുന്ന മത്സരത്തിൽ സമനില വഴങ്ങിയതിലുള്ള നിരാശ കളിക്കു ശേഷം യുവന്റസ് പരിശീലകനായ അല്ലെഗ്രി പ്രകടിപ്പിക്കുകയുണ്ടായി. രണ്ടാം പകുതിയിൽ പിറന്ന പറേജോയുടെ ഗോളിലേക്കു വഴി വെച്ചത് യുവന്റസ് മധ്യനിര താരം അഡ്രിയൻ റാബിയട്ടിന്റെ പ്രതിരോധപ്പിഴവാണെന്നും അദ്ദേഹം മത്സരത്തിനു ശേഷം ചൂണ്ടിക്കാട്ടി.
Villarreal & Juve’s ? hopes in the balance ⚖️ pic.twitter.com/EvmYcULnIJ
— 433 (@433) February 22, 2022
"അതൊരു പ്രതിരോധപ്പിഴവായിരുന്നു. കാരണം വ്ലാഹോവിച്ച് ഹാഫ് ഫൗൾ ചെയ്യപ്പെട്ട ഒരു സാഹചര്യത്തിൽ നിന്നും പുറത്തു വരികയായിരുന്നു, ആ സമയത്ത് ഞങ്ങളും അവരുമെല്ലാം മത്സരം നിർത്തി വെച്ചതു പോലെയായിരുന്നു. ആ സമയത്ത് പറേജോ ബോക്സിൽ ഒറ്റക്കായിരുന്നു." മാധ്യമങ്ങളോട് അല്ലെഗ്രി പറഞ്ഞു.
"അവർക്ക് സെന്റർ ഫോർവേഡുകൾ ഇല്ലാതിരുന്നതിനാൽ ലോങ്ങ് ബോളുകൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത്തരം സാഹചര്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആറു പേർ ഒരാൾക്കെതിരെ എന്ന നിലയിലായിരുന്നു ആ സമയത്ത്. റാബിയട്ട് താരത്തെ പിന്തുടരുന്നില്ല, ഞങ്ങൾ അങ്ങിനെ നിൽക്കുകയും ചെയ്തു. കൂടുതൽ നന്നായി ചെയ്യാൻ ഞങ്ങൾ ശ്രമിക്കണമായിരുന്നു."
"മൊത്തത്തിൽ നോക്കുമ്പോൾ ടീം നല്ല പ്രകടനം നടത്തി, ആദ്യ പകുതിയിൽ ഗോൾ വഴങ്ങാൻ സാധ്യതയുണ്ടായിരുന്നു. പിന്നീട് ഞങ്ങൾക്കും അവസരങ്ങൾ ലഭിച്ചു. എന്നാൽ അവർക്ക് മികച്ച ഹൈ ലൈൻ ഡിഫൻസ് ഉണ്ടായിരുന്നതിനാൽ ഞങ്ങൾ എളുപ്പത്തിൽ ഓഫ്സൈഡിൽ കുടുങ്ങി. ഒരവസരം വൈകി ലഭിച്ചത് ഗോൾകീപ്പർ മികച്ച രീതിയിൽ രക്ഷപ്പെടുത്തുകയും ചെയ്തു." അല്ലെഗ്രി പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.