റൊണാൾഡോ യുവന്റസിൽ പ്രതിസന്ധി സൃഷ്ടിച്ചു, വിമർശനവുമായി മുൻ താരങ്ങൾ


ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ക്ലബ് വിട്ടതു വഴി റൊണാൾഡോ യുവന്റസിൽ വലിയൊരു പ്രതിസന്ധിയാണു സൃഷ്ടിച്ചതെന്നും താരം ക്ലബിനോട് അനാദരവു കാണിച്ചെന്നും വിമർശിച്ച് മുൻ യുവന്റസ് താരങ്ങൾ. ഇറ്റാലിയൻ ക്ലബിന്റെ ഇതിഹാസതാരങ്ങളായ സെർജിയോ ബ്രിയോ, അലിസിയോ ടാഷിനാർദി എന്നിവരാണ് യുവന്റസിനോടുള്ള പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ സമീപനത്തെ വിമർശിച്ചത്.
"റൊണാൾഡോ മറ്റേതെങ്കിലും തരത്തിലായിരുന്നു യുവന്റസ് വിടേണ്ടിയിരുന്നത്, എംപോളിക്കെതിരായ മത്സരത്തിനു മുൻപ് അല്ലെഗ്രി ടീമുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രൈവറ്റ് വിമാനത്തിൽ കയറി പോവുകയായിരുന്നില്ല വേണ്ടത്. ആരാധകരോട് യാത്ര പറയുന്നതിനായി ഒരു പത്രസമ്മേളനം നടത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവർ വ്യത്യസ്തമായ എന്തെങ്കിലും അർഹിച്ചിരുന്നു," ടാഷിനാർദി ടുട്ടോസ്പോർട്ടിനോട് പറഞ്ഞു.
"ഡെൽ പിയറോ, ടോട്ടി, മാൽഡിനി, സനേട്ടി തുടങ്ങിയവരെപ്പോലെ ഇതിഹാസങ്ങൾ ഉണ്ടായിരിക്കില്ല. പക്ഷെ റൊണാൾഡോയെ പോലെയൊരു താരം താൻ വീടു പോലെ കരുതുന്ന സ്ഥലത്തേക്ക് പോവുകയാണെന്നു പറയുന്നതു കേൾക്കുന്നത് രസകരമല്ലായിരുന്നു. ട്രാൻസ്ഫർ ജാലകം അവസാനിക്കാനിരിക്കെ ക്ലബ് വിട്ടതു വഴി താരം യുവന്റസിനെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് എത്തിച്ചത്. അദ്ദേഹത്തെപ്പോലൊരു ഗോൾ മെഷീനു പകരക്കാരനെ കണ്ടെത്തുക അസാധ്യമാണ്." ടാഷിനേർദി പറഞ്ഞു.
അതേസമയം യുവന്റസ് കൂടുതൽ ബഹുമാനം താരത്തിൽ നിന്നും അർഹിച്ചിരുന്നുവെന്നാണ് ബ്രിയോ പറഞ്ഞത്. ക്ലബുകളെ ഇത്തരത്തിൽ താരം തഴയുമെന്നു പ്രതീക്ഷിച്ചില്ലെന്നും അതു നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റൊണാൾഡോക്ക് ക്ലബ് വിടണമെന്ന താൽപര്യം ഉണ്ടായിരുന്നെങ്കിൽ പോകാൻ അനുവദിച്ചത് നല്ല കാര്യമാണെന്നും അല്ലെങ്കിൽ ടീമിനെയും സഹതാരങ്ങളെയും അതു മോശമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളിച്ച മൂന്നു സീസണുകളിലും യുവന്റസിന്റെ ടോപ് സ്കോറർ ആയിരുന്ന റൊണാൾഡോ 134 മത്സരങ്ങളിൽ നിന്നും 101 ഗോളുകൾ നേടിയതിനു ശേഷമാണ് മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരം ആദ്യ മത്സരത്തിനു ഇറങ്ങുന്നതു കാണാനാണ് ആരാധകരിപ്പോൾ കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.