Football in Malayalam

റൊണാൾഡോയടക്കം 42 താരങ്ങളുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് യുവന്റസിനെതിരെ അന്വേഷണം

Sreejith N
FBL-ITA-SERIEA-JUVENTUS-UDINESE
FBL-ITA-SERIEA-JUVENTUS-UDINESE / MARCO BERTORELLO/GettyImages
facebooktwitterreddit

പോർച്ചുഗീസ് സൂപ്പർതാരമായ റൊണാൾഡോയുടേതടക്കം 42 താരങ്ങളുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് യുവന്റസിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം ഇറ്റാലിയൻ ക്ലബിന്റെ ടുറിനിലെയും മിലാനിലെയും ഓഫീസിൽ പോലീസെത്തി ട്രാൻസ്‌ഫർ, ഇൻവോയ്‌സ്‌, ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകൾ പരിശോധന നടത്തിയിട്ടുണ്ട്.

2019 മുതൽ 2021 വരെ നടന്ന താരങ്ങളുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ടുണ്ടായ ലാഭം, ഏജന്റ് ഫീസ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നും റെക്കോർഡ് ട്രാൻസ്‌ഫറിൽ യുവന്റസിലേക്ക് ചേക്കേറിയതും ആർതർ-പ്യാനിച്ച് കൈമാറ്റക്കരാറുമെല്ലാം ഉൾപ്പെടുന്നു. തെറ്റായ കണക്കുകൾ ഇതിൽ രേഖപ്പെടുത്തിട്ടുണ്ടെന്ന സംശയത്തിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്.

ട്രാൻസ്‌ഫറുകൾക്കു പുറമെ യുവന്റസ് പ്രസിഡന്റ് ആന്ദ്രേ ആഗ്നല്ലി, വൈസ് പ്രസിഡന്റ് പാവേൽ നെദ്വെദ്, ഇക്കഴിഞ്ഞ സമ്മറിൽ ടോട്ടനം ഹോസ്‌പറിലേക്ക് ചേക്കേറിയ യുവന്റസിന്റെ സ്പോർട്ടിങ് ഡയറക്റ്ററായിരുന്ന ഫാബിയോ പരാറ്റിക്കി തുടങ്ങിയ വ്യക്തികൾക്കെതിരെയും അന്വേഷണം നടത്തും. ഇറ്റാലിയൻ ഫുട്ബോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അന്വേഷിക്കുന്ന COVISOC ആൻഡ് ഫിനാൻസ് റെഗുലേറ്റർ കൺസൊബാണ് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നത്.

2019 മുതൽ 2021 വരെയുള്ള ട്രാൻസ്‌ഫറുകളുടെ കാര്യത്തിൽ അന്വേഷണം നടക്കുന്ന വിവരം ടുറിൻ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. റൊണാൾഡോ, ആർതർ, പ്യാനിച്ച് എന്നിവർക്കു പുറമെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ ജോവ കാൻസലോ, യുവന്റസിലെത്തിയ ബ്രസീലിയൻ താരം ഡാനിലോ തുടങ്ങിയവരാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്ന പ്രധാന ട്രാൻസ്‌ഫറുകൾ.


facebooktwitterreddit