Football in Malayalam

ടോണി ക്രൂസിനെ അല്ലെഗ്രിക്ക് വേണം, ഓഫറുമായി യുവന്റസ് രംഗത്ത്

Sreejith N
England v Germany - UEFA Euro 2020: Round of 16
England v Germany - UEFA Euro 2020: Round of 16 / Frank Augstein - Pool/Getty Images
facebooktwitterreddit

ഒൻപതു വർഷം തുടർച്ചയായി ആധിപത്യം പുലർത്തി കിരീടം സ്വന്തമാക്കിയ ഇറ്റാലിയൻ ലീഗിൽ കഴിഞ്ഞ സീസണിൽ പക്ഷെ മോശം പ്രകടനമാണ് യുവന്റസ് നടത്തിയത്. സീരി എ കിരീടം കൈവിട്ടുവെന്നു മാത്രമല്ല, ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ അവസാന മത്സരം വരെ യുവന്റസിനു കാത്തിരിക്കേണ്ടതായും വന്നു. അതിനു മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുൻ പരിശീലകനായ അല്ലെഗ്രിയെ യുവന്റസ് തിരികെയെത്തിച്ചത്.

യുവന്റസിനൊപ്പമുള്ള രണ്ടാമങ്കത്തിൽ ടീമിനെ കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന അല്ലെഗ്രി അതിനു വേണ്ടി ഏതാനും താരങ്ങളെ ടീമിലെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇറ്റാലിയൻ മാധ്യമമായ റായ് സ്പോർട്ടിനെ അടിസ്ഥാനമാക്കി മുണ്ടോ ഡിപോർറ്റീവോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിലേക്കായി അല്ലെഗ്രി ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന പ്രധാന താരങ്ങളിലൊരാൾ റയൽ മാഡ്രിഡ് താരമായ ടോണി ക്രൂസാണ്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേണിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ എത്തിയ ഡേവിഡ് അലബയല്ലാതെ മറ്റൊരു താരത്തെ ഇതുവരെയും റയൽ മാഡ്രിഡ് ടീമിലെത്തിച്ചിട്ടില്ല. എന്നാൽ പുതിയ താരങ്ങളെ സ്വന്തമാക്കാൻ നിലവിലുള്ള താരങ്ങളിൽ പലരെയും ഒഴിവാക്കുന്ന കാര്യം റയൽ പരിഗണിക്കുന്നുണ്ട്. ഈ അവസരം മുതലെടുത്ത് ടോണി ക്രൂസിനെ മികച്ച ഓഫർ നൽകി സ്വന്തമാക്കാനാണ് യുവന്റസ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം നാൽപതു മില്യൺ യൂറോയുടെ ഓഫറാണ് ടോണി ക്രൂസിനായി യുവന്റസ് നൽകാൻ ഒരുങ്ങുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിലും പ്രതിരോധ താരമായ ഡെമിറൽ, മധ്യനിര താരമായ ആരോൺ റാംസി എന്നിവരെ വിറ്റാൽ ഈ തുക കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് യുവന്റസ്. അല്ലെഗ്രി ടോണി ക്രൂസിന്റെ സാന്നിധ്യം വളരെയധികം ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ 2023 വരെ റയൽ മാഡ്രിഡുമായി കരാറുള്ള ടോണി ക്രൂസ് ക്ലബ് വിടാനുള്ള സാധ്യതകൾ വളരെ കുറവാണ്. അടുത്ത സീസണിൽ ആൻസലോട്ടിയുടെ പദ്ധതികളിൽ സ്ഥാനമില്ലെങ്കിൽ മാത്രമേ യുവന്റസടക്കം മറ്റേതെങ്കിലും ക്ലബുകളുടെ ഓഫർ ജർമൻ താരം പരിഗണിക്കാനിടയുള്ളൂ.


facebooktwitterreddit