Football in Malayalam

സർപ്രൈസ് നീക്കവുമായി യുവന്റസ്, പിർലോക്ക് പകരക്കാരനായി ഫ്ലിക്ക് എത്തിയേക്കും

Sreejith N
FBL-EUR-C1-BAYERN MUNICH-SALZBURG
FBL-EUR-C1-BAYERN MUNICH-SALZBURG / CHRISTOF STACHE/Getty Images
facebooktwitterreddit

പരിശീലകനെന്ന നിലയിൽ യാതൊരു മുൻപരിചയവുമില്ലാതെ യുവന്റസിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത ആന്ദ്രേ പിർലോ ഈ സീസണു ശേഷം തൽസ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. തുടർച്ചയായ ഒൻപതു സീസണുകൾ സീരി എ കിരീടം സ്വന്തമാക്കിയ യുവന്റസിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ഉറപ്പില്ലാതായതോടെയാണ് പിർലോയുടെ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങിയത്.

താരതമ്യേനെ ദുർബലരായ പോർട്ടോയോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായപ്പോൾ തന്നെ പിർലോയെ പുറത്താക്കണമെന്ന മുറുമുറുപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയും കോപ്പ ഇറ്റാലിയ കിരീടവും നേടി യുവന്റസ് പരിശീലക സ്ഥാനം നഷ്‌ടപ്പെടാതിരിക്കാനുള്ള വഴികളാണ് പിർലോ നോക്കുന്നത്. അതേസമയം പിർലോക്ക് പകരക്കാരനു വേണ്ടിയുള്ള നീക്കങ്ങൾ യുവന്റസ് ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.

ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ബയേൺ മ്യൂണിക്ക് പരിശീലകനായ ഹാൻസി ഫ്ലിക്കിനെ ടീമിലെത്തിക്കാനുള്ള പദ്ധതികളുമായാണ് യുവന്റസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണു ശേഷം ബയേൺ വിടുമെന്ന് പ്രഖ്യാപിച്ച ഫ്ലിക്ക് ജർമൻ ദേശീയ ടീമിന്റെ പരിശീലകനാവാനുള്ള സാധ്യതയുണ്ടെങ്കിലും അതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ച് ഇറ്റലിയിലെത്തിക്കാനാണ് യുവന്റസിന്റെ ശ്രമം.

കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ വെച്ച് ബയേൺ മ്യൂണിക്കിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഫ്ലിക്ക് സാധ്യമായ എല്ലാ കിരീടങ്ങളും ബയേണിന് സ്വന്തമാക്കി നൽകി ഐതിഹാസികമായ ചരിത്രം കുറിച്ചിരുന്നു. യുവന്റസിന് താൽപര്യമുണ്ടെങ്കിലും 2008 മുതൽ 2014 വരെ ജോകിം ലോയുടെ അസിസ്റ്റന്റായിരുന്ന ഫ്ലിക്ക് ജർമൻ ദേശീയ ടീമിലേക്ക് ചെക്കറുന്നതിനാണ് കൂടുതൽ സാധ്യത.

അതേസമയം ഈ സീസൺ ഏറ്റവും മികച്ചരീതിയിൽ പൂർത്തിയാക്കാനാണ് യുവന്റസിന്റെ ആദ്യത്തെ ശ്രമം. യൂറോപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന ടീമിന്റെ ഇപ്പോഴത്തെ മോശം ഫോമിൽ ആരാധകർ വളരെ അസ്വസ്ഥരാണ്. സീസൺ മികച്ച രീതിയിൽ ഫിനിഷ് ചെയ്തില്ലെങ്കിൽ വലിയൊരു അഴിച്ചുപണി തന്നെ യുവന്റസിൽ പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit