പിഎസ്ജി വിടുന്ന ഡി മരിയയെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പന്മാർ രംഗത്ത്


ഈ സീസണു ശേഷം ഫ്രീ ഏജന്റാകുന്ന ഏഞ്ചൽ ഡി മരിയ അടുത്ത സീസണിൽ ഫ്രഞ്ച് ക്ലബിനൊപ്പം ഉണ്ടാകില്ലെന്ന കാര്യം ഏറെക്കുറെ തീർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാനുള്ള അവകാശം പിഎസ്ജിക്ക് ഉണ്ടായിരുന്നെങ്കിലും അവരത് ഉപയോഗിക്കുന്നില്ലെന്നു തീരുമാനിച്ചതോടെയാണ് അർജന്റീനിയൻ താരം നിരവധി വർഷങ്ങൾക്കു ശേഷം ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്.
ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയയെ ഫ്രീ ഏജന്റായി സ്വന്തമാക്കാൻ അവസരമുള്ളതിനാൽ തന്നെ യൂറോപ്പിലെ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്. നേരത്തെ അത്ലറ്റികോ മാഡ്രിഡ്, ഡി മരിയയുടെ മുൻ ക്ലബായ ബെൻഫിക്ക എന്നിവർക്കാണ് താരത്തിൽ താൽപര്യമുള്ളതെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ യുവന്റസും ഡി മരിയക്കായി രംഗത്തു വന്നിട്ടുണ്ട്.
ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ല സ്പോർട്ട് പുറത്തു വിടുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസണു ശേഷം ഫ്രീ ഏജന്റായി ക്ലബ് വിടുന്ന പൗളോ ഡിബാലക്കു പകരക്കാരനായി ഏഞ്ചൽ ഡി മരിയയെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് യുവന്റസ് നടത്തുന്നത്. ഇതിനു പുറമെ സാനിയോളോ, ഒസ്മാനെ ഡെംബലെ എന്നിവരിലും യുവന്റസിന് താൽപര്യമുണ്ടെങ്കിലും പ്രധാന പരിഗണന ഏഞ്ചൽ ഡി മരിയക്കു തന്നെയാണ്.
അടുത്ത സീസണിന്റെ ഇടയിലാണ് ലോകകപ്പ് എന്നതിനാൽ ഇനിയേതു ക്ലബ്ബിലേക്ക് ചേക്കേറണമെന്ന കാര്യത്തിൽ ആലോചിച്ചു മാത്രമേ ഡി മരിയ തീരുമാനമെടുക്കു. അർജന്റീനക്ക് കോപ്പ അമേരിക്ക നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഡി മരിയക്ക് അടുത്ത സീസണിൽ അവസരങ്ങൾ കുറഞ്ഞാൽ അതു ലോകകപ്പ് ടീമിലെ സ്ഥാനത്തെ ബാധിക്കും എന്നതിനാൽ അവസരങ്ങൾ കൂടുതൽ ലഭിക്കുന്ന ക്ലബിനാവും താരം മുൻഗണന നൽകുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.