Football in Malayalam

സീരി എയിൽ നില പരുങ്ങിലാണെങ്കിലും, ഈ സീസൺ കഴിയുന്നതിന് മുൻപ് പിർലോയെ പരിശീലകസ്ഥാനത്ത് നിന്ന് യുവന്റസ് പുറത്താക്കില്ല

Gokul Manthara
Juventus v AC Milan - Italian Serie A
Juventus v AC Milan - Italian Serie A / Soccrates Images/Getty Images
facebooktwitterreddit

ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ സീസണാണ് ഇത്തവണത്തേത്. ഇന്റർ മിലാന് മുൻപിൽ സീരി എ കിരീടം അടിയറവ് വെക്കേണ്ടി വന്ന നിലവിലെ ചാമ്പ്യന്മാർ ഇക്കുറി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന കാര്യവും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ സീരി എ മത്സരത്തിൽ എസി മിലാനോട് സംഭവിച്ച കനത്ത പരാജയമാണ് യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതകൾക്ക് കനത്ത തിരിച്ചടിയായത്.

ഈ മത്സരത്തിൽ യുവന്റസ് പരാജയപ്പെട്ടതിന് പിന്നാലെ ക്ലബ്ബിന്റെ കടുത്ത ആരാധകർ അടക്കമുള്ളവർ പരിശീലകനായ ആന്ദ്രെ പിർലോക്കെതിരെ രംഗത്തെത്തി. പിർലോയെ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ഭൂരിഭാഗത്തിന്റേയും ആവശ്യം. എന്നാൽ ഈ സീസൺ അവസാനിക്കുന്നത് വരെ പിർലോയുടെ പരിശീലക‌ സ്ഥാനം യുവന്റസിൽ സുരക്ഷിതമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുവന്റസ് ഇക്കുറി മോശം ഫോമിലാണെങ്കിലും പിർലോയിൽ ഇപ്പോളും ക്ലബ്ബിന് വിശ്വാസമുണ്ടെന്നും, അദ്ദേഹം ഈ സീസൺ അവസാനം വരെ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ക്ലബ്ബുമായി അടുത്ത വൃത്തങ്ങൾ തങ്ങളോട് വ്യക്തമാക്കിയതായും ഗോൾ ഡോട്ട് കോമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിർലോയെ പുറത്താക്കി പകരം ഇഗുർ ടുഡോറിനെ തങ്ങളുടെ താൽക്കാലിക പരിശീലകനായി യുവന്റസ് നിയമിക്കുമെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.

അതേ സമയം കഴിഞ്ഞ‌ സമ്മറിൽ യുവന്റസിന്റെ പരിശീലകനായി ചുമതലയേറ്റ പിർലോക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ക്ലബ്ബിന്റെ പ്രകടനങ്ങൾ ഉയർത്താൻ കഴിഞ്ഞില്ല. ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇക്കുറി വളരെ നേരത്തെ പുറത്തായ ടീം നിലവിൽ സീരി എ യിൽ അഞ്ചാം സ്ഥാനത്താണുള്ളത്. സീരി എയിലെ ശേഷിക്കുന്ന 3 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും, പോയിന്റ് പട്ടികയിൽ തങ്ങൾക്ക് മുന്നിലുള്ള ടീമുകൾ പോയിന്റുകൾ നഷ്ടപ്പെടുത്തിയാലും മാത്രമേ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ യുവന്റസിന് കഴിയൂ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit