Football in Malayalam

ബാഴ്‌സയുടെ 'മെസി ഫോർമുല' റൊണാൾഡോയെ നിലനിർത്താൻ ഉപയോഗിക്കാൻ യുവന്റസ് ഒരുങ്ങുന്നു

Sreejith N
Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Valerio Pennicino/Getty Images
facebooktwitterreddit

അടുത്ത സീസണിൽ റൊണാൾഡോ യുവന്റസിലുണ്ടാകില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ സജീവമായിരുന്നെങ്കിലും ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം താരത്തെ നിലനിർത്താനാണു ഓൾഡ് ലേഡി ഒരുങ്ങുന്നത്. യുവന്റസ് വൈസ് പ്രസിഡന്റ്, സ്പോർട്ടിങ് ഡയറക്ടർ എന്നിവർ, റൊണാൾഡോ ക്ലബ് വിടുന്നതിനെ സംബന്ധിച്ച് യാതൊരു സൂചനകളും നൽകിയിട്ടില്ലെന്നും താരം അവധിക്കാലം കഴിഞ്ഞ് പരിശീലനത്തിനായി തിരിച്ചെത്താൻ കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള റൊണാൾഡോയെ കോൺട്രാക്‌ട് പുതുക്കാതെ നിലനിർത്തിയാൽ അടുത്ത സീസണിൽ താരം ഫ്രീ ഏജന്റായി ക്ലബ് വിടുന്നതിനാവും അതു വഴിയൊരുക്കുക. എന്നാൽ ഒരു വർഷം കൂടി കരാർ പുതുക്കിയാൽ റൊണാൾഡോക്ക് നൽകേണ്ട കനത്ത പ്രതിഫലം യുവന്റസിനെ സംബന്ധിച്ച് ഒരു ബാധ്യതയാണ്. അതുകൊണ്ടു തന്നെ ബാഴ്‌സലോണ മെസിയുടെ കരാർ പുതുക്കാൻ ഉപയോഗിച്ച അതെ ഫോർമുല റൊണാൾഡോയുടെ കരാർ പുതുക്കാൻ യുവന്റസും ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണെന്ന് ലാ ഗസറ്റ ഡെല്ല സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു.

ബാഴ്‌സയുമായി മെസി പുതിയ കരാർ അംഗീകരിച്ചുവെന്നാണ് നിലവിലെ സൂചനകൾ. കഴിഞ്ഞ സീസണിൽ തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തിന്റെ അമ്പതു ശതമാനം വെട്ടിക്കുറച്ചാണ് മെസി ടീമിനൊപ്പം നിലനിൽക്കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ മെസി ശമ്പളം കുറക്കാൻ തയ്യാറായില്ലെങ്കിൽ താരത്തെ സ്വന്തമാക്കുന്ന കാര്യം ബാഴ്‌സക്ക് ചിന്തിക്കാനുമാവില്ല. സമാനമായ രീതിയിൽ റൊണാൾഡോയുടെ പ്രതിഫലവും അമ്പതു ശതമാനം കുറച്ച് താരത്തിനെ കൊണ്ട് പുതിയ കരാർ ഒപ്പിടീക്കാനാണു യുവന്റസ് ശ്രമിക്കുന്നത്.

റൊണാൾഡോ ശമ്പളം കുറക്കാൻ തയ്യാറായാൽ സ്‌ക്വാഡിലെ മറ്റു പല താരങ്ങളും അതിനൊപ്പം ചേരുമെന്നതിൽ സംശയമില്ല. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന യുവന്റസിന് അത് ആശ്വാസമാവുകയും ചെയ്യും. എന്നാൽ ഈ തീരുമാനത്തിനോട് റൊണാൾഡോ സമ്മതം മൂളുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. മെസി ശമ്പളത്തിന്റെ പകുതി ത്യജിക്കാൻ തയ്യാറായ സ്ഥിതിക്ക് റൊണാൾഡോയും അതിനു ശരി വെക്കുമെന്ന പ്രതീക്ഷയിൽ താരത്തിന്റെ ഏജന്റുമായി ചർച്ചകൾക്കു തയ്യാറെടുക്കുകയാണ് യുവന്റസ് നേതൃത്വം.


facebooktwitterreddit