Football in Malayalam

'റൊണാൾഡോ യുവന്റസിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നില്ല' - താരത്തിന്റെ അഭാവത്തിലും ടീം മുന്നോട്ടു പോകുമെന്ന് അല്ലെഗ്രി

Sreejith N
FBL-ITA-SERIEA-ATALANTA-JUVENTUS
FBL-ITA-SERIEA-ATALANTA-JUVENTUS / MARCO BERTORELLO/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവന്റസിൽ കളിക്കാൻ ആഗ്രഹമില്ലാത്തതു കൊണ്ടാണ് ക്ലബ് വിട്ടതെന്നും താരത്തിന്റെ അഭാവത്തിലും ക്ലബ് മുന്നോട്ടു പോകുമെന്നും വെളിപ്പെടുത്തി പരിശീലകനായ മാസിമിലിയാനോ അല്ലെഗ്രി. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ക്ലബ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ താരത്തിന്റെ അഭാവത്തിൽ നാപ്പോളിക്കെതിരായ മത്സരത്തിന് ഇറങ്ങുന്നതിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്ലെഗ്രി.

"ഇനിയും യുവന്റസിൽ കളിക്കാൻ റൊണാൾഡോക്ക് ആഗ്രഹം ഇല്ലായിരുന്നതു കൊണ്ടാണ് താരം യുണൈറ്റഡിലേക്ക് തിരിച്ചു പോയത്. യുവന്റസിൽ അദ്ദേഹത്തിന്റെ അവസാന സീസൺ ആയിരുന്നു ഇത്. അതിനാൽ അടുത്ത സമ്മറിൽ സംഭവിക്കേണ്ട കാര്യം ഞങ്ങൾ മുൻകൂട്ടി അനുഭവിച്ചു. മൂന്നു മനോഹര വർഷങ്ങൾ യുവന്റസിനൊപ്പം ചിലവഴിച്ച അദ്ദേഹത്തിന് ആശംസകൾ നേരുന്നു, പക്ഷെ ജീവിതം മുന്നോട്ടു പോകും."

"എന്താണ് സംഭവിച്ചതെന്നു ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷെ ജീവിതത്തിൽ നമ്മൾ പ്രായോഗികമായി മുന്നോട്ടു പോകേണ്ടതുണ്ട്. യുവന്റസിൽ ഒരു ഗ്രൂപ്പാണ് ഇപ്പോഴും കിരീടങ്ങൾ നേടിയിട്ടുള്ളത്, ഒരൊറ്റ ഫുട്ബോളറല്ല. ആത്മവിശ്വാസവും ത്യാഗവും ഞങ്ങളുടെ ഡിഎൻഎയിലുണ്ട്. മത്സരിക്കാനും വിജയിക്കാനും നമുക്ക് ആഗ്രഹവും അഭിനിവേശവും ഉണ്ടാകണം," അല്ലെഗ്രി വ്യക്തമാക്കി.

റൊണാൾഡോ ടീം വിട്ടതിനു പിന്നാലെ യുവന്റസ് ടീമിലേക്ക് തിരിച്ചെത്തിച്ച മോയ്‌സ്‌ കീനിനെക്കുറിച്ചും അല്ലെഗ്രി സംസാരിച്ചു. "യുവ സ്ട്രൈക്കറായ മോയ്‌സ്‌ കീൻ പിഎസ്‌ജിക്കൊപ്പം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തുകയും ഏതാനും ഗോളുകൾ നേടുകയും ചെയ്‌തിരുന്നു. റൊണാൾഡോ യുവന്റസിൽ തുടർന്നാലും കീൻ ടീമിലേക്ക് തിരിച്ചു വരേണ്ടതായിരുന്നു."

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുത്ത ലാറ്റിനമേരിക്കൻ താരങ്ങളായ പൗളോ ഡിബാല, അലക്‌സ് സാൻഡ്രോ, ബെന്റാങ്കുർ എന്നിവർ നാപ്പോളിക്കെതിരെ ഇറങ്ങില്ലെന്നും അല്ലെഗ്രി വ്യക്തമാക്കി. ടീമിലെ മറ്റൊരു ലാറ്റിനമേരിക്കൻ താരമായ ക്വാഡ്രാഡോ അസുഖം മൂലം കൊളംബിയയിൽ നിന്നും തിരിച്ചെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit