റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാതെ യുണൈറ്റഡിലേക്ക് പോയതെന്ത്; വെളിപ്പെടുത്തലുമായി യുവന്റസ് ഡയറക്ടർ

റൊണാൾഡോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മികച്ച രീതിയിൽ പെരുമാറിയെന്നും അത് തന്റെ മുൻ ക്ലബ്ബിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചു പോക്കിൽ പ്രധാനമായെന്നും യുവന്റസ് ഡയറക്ടറായ ഫെഡറിക്കോ ചെറുബിനി. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ അടുത്ത ദിവസം ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിച്ച് ക്ലബ്ബിനൊപ്പമുള്ള രണ്ടാം സ്പെല്ലിലെ അരങ്ങേറ്റ കുറിക്കാൻ തയ്യാറെടുക്കവെയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ യുവന്റസിന്റെ ഡയറക്ടർ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ, ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടാൻ തീരുമാനിച്ച റൊണാൾഡോ പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിനോട് അടുത്തെത്തിയിരുന്നു. താരം സിറ്റിയിൽ ചേരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കവെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അപ്രതീക്ഷിത ഇടപെടലുണ്ടാവുന്നതും റെഡ് ഡെവിൾസ് തങ്ങളുടെ മുൻ താരത്തെ റാഞ്ചുന്നതും. ഫുട്ബോൾ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുന്നതായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ നീക്കം. റോണോയെ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞത് താരത്തിനായുള്ള ചർച്ചകളിൽ വളരെ ഉചിതമായി പെരുമാറാൻ അവർക്ക് കഴിഞ്ഞതു കൊണ്ടു കൂടിയാണെന്നാണ് ഇപ്പോൾ ചെറുബിനി പറയുന്നത്.
"മാഞ്ചസ്റ്റർ യുണൈറ്റഡ് പാരമ്പര്യമുള്ള ഒരു ക്ലബ്ബ് പോലെ വ്യത്യസ്തമായി പെരുമാറി (റൊണാൾഡോയുടെ ട്രാൻസ്ഫർ കാര്യത്തിൽ). റൊണാൾഡോ ഞങ്ങളോട് സംസാരിച്ച രീതി വെച്ച് ഇതിന് (താരത്തിന്റെ ട്രാൻസ്ഫർ) മറ്റൊരു അന്ത്യം ഉണ്ടാകുമായിരുന്നില്ല. ഞങ്ങൾ റൊണാൾഡോയെ ബഹുമാനിക്കുന്നു. എന്നാൽ ഞാൻ ഞങ്ങളുടെ പ്രസിഡന്റിന്റെ അതേ അഭിപ്രായം തന്നെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു, യുവന്റസിന്റെ ചരിത്രം സൃഷ്ടിക്കപ്പെട്ടത് മഹത്തായ ചാമ്പ്യന്മാരാലും, പരിശീലകരാലും, ഡയറക്ടർമാരാലുമാണ്. എന്നാൽ ക്ലബ്ബ് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി നിലകൊള്ളുന്നു." ടുട്ടോസ്പോർടിനോട് സംസാരിക്കവെ ചെറുബിനി പറഞ്ഞു നിർത്തി.
Juventus say Manchester United 'behaved differently' to Man City in Cristiano Ronaldo transfer #mcfc https://t.co/HkdZFLE7RQ
— Manchester City News (@ManCityMEN) September 10, 2021
അതേ സമയം 2018 ൽ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്ന് സീസണുകളിൽ അവർക്കായി കളിച്ചതിന് ശേഷമാണ് ഇക്കുറി ക്ലബ്ബ് വിട്ടത്. യുവന്റസിൽ നിന്ന് തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിക്കഴിഞ്ഞ താരം നാളെ ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിച്ച് ഓൾഡ് ട്രാഫോഡിലെ തന്റെ രണ്ടാം സ്പെല്ലിന് തുടക്കം കുറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ.