പൗലോ ഡിബാലയുടെ ഫിറ്റ്നസിനെ കുറിച്ച് ആശങ്ക, താരത്തിന് നൽകിയ കരാർ വാഗ്‌ദാനം പുനപ്പരിശോധിക്കാനൊരുങ്ങി യുവന്റസ്

പൗലോ ഡിബാലയുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിന് നൽകിയ ഓഫർ പുനപ്പരിശോധിക്കാനൊരുങ്ങി യുവന്റസ്. സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് താരത്തിന് മസില്‍ ഇഞ്ചുറി ഏല്‍ക്കുകയായിരുന്നു. പരുക്ക് മൂലം ഡിബാലക്ക് ഈ സീസണിലിത് വരെ എട്ട് മത്സരങ്ങൾ നഷ്ടമായിട്ടുണ്ട്.
ഈ സീസണ്‍ അവസാനത്തോടെ യുവന്റസുമായുള്ള കരാര്‍ അവസാനിക്കുന്ന ഡിബാലയുമായി പുതിയ കരാര്‍ കാര്യത്തിൽ ഇറ്റാലിയൻ ക്ലബ് ധാരണയിലെത്തിയതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2026 വരെയുള്ള, പ്രതിവർഷ വേതനമായി 10 മില്യൺ യൂറോ ഉള്ള കരാറായിരുന്നു അർജന്റീന താരവും യുവന്റസും തമ്മിൽ ധാരണയായത്.
പുതിയ കരാർ ഔദ്യോഗികമായി സൈൻ ചെയ്‌തിട്ടില്ലാത്തതിനാൽ ഡിബാലക്ക് നല്‍കിയ കരാര്‍ വാഗ്‌ദാനം പുനപ്പരിശോധിക്കാനാണ് യുവന്റസിന്റെ തീരുമാനമെന്ന് ഗസറ്റെ ഡെല്ലോ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. സീസണില്‍ കൂടുതല്‍ മത്സരങ്ങളിൽ പുറത്തിരുന്നത് കൊണ്ടും പരുക്ക് വേട്ടയാടുന്നത് കൊണ്ടുമാണ് താരത്തിന് നൽകിയ ഓഫർ യുവന്റസ് പുനപ്പരിശോധിക്കുന്നത്. ശമ്പളത്തില്‍ കുറവ് വരുത്താനോ, അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തെ കരാര്‍ മൂന്ന് വര്‍ഷമാക്കി കുറക്കാനോ ആണ് ഇറ്റാലിയന്‍ വമ്പന്‍മാര്‍ ആലോചിക്കുന്നത്.
അതേ സമയം, ക്ലബുമായി ഫോര്‍മല്‍ എഗ്രിമെന്റില്‍ എത്താത്തിനാല്‍ മറ്റേതെങ്കിലും ടീമുകളുമായി സംസാരിക്കാൻ ഡിബാലക്കും അദ്ദേഹത്തിന്റെ ഏജന്റിനുമാകും.
2015ല്‍ ഇറ്റാലിയന്‍ ക്ലബായ പലെർമോയിൽ നിന്നായിരുന്നു ഡിബാല യുവന്റസിലെത്തിയത്. അത് മുതല്‍ യുവന്റസിനൊപ്പമുള്ള അര്‍ജന്റീനന്‍ താരം 268 മത്സരങ്ങളിൽ ഇറ്റാലിയൻ ക്ലബിനായി കളത്തിലിറങ്ങിയിട്ടുണ്ട്. 108 ഗോളുകളും യുവന്റസിനായി ഡിബാല നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.