മിന്നും ഫോമിലുള്ള ചെൽസി പ്രതിരോധതാരത്തെ ടീമിലെത്തിക്കുന്ന കാര്യം യുവന്റസിന്റെ പരിഗണനയിൽ

പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയിൽ നിന്നും അന്റോണിയോ റുഡിഗറെ സ്വന്തമാക്കുന്ന കാര്യം ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.
ട്യൂട്ടോ മെർകാറ്റോ വെബ്ബിന്റെ റിപ്പോർട്ട് പ്രകാരം ചെൽസിയുമായുള്ള കരാർ 2021/22 സീസണോട് കൂടെ അവസാനിക്കുന്ന റുഡിഗറെ ടീമിലെത്തിക്കുന്നത് യുവന്റസിന് മുന്നിലുള്ള ഒരു ഓപ്ഷനാണ്.
തങ്ങളുടെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിലവിലെ യൂറോപ്യൻ ജേതാക്കളായ ചെൽസിയെ വീഴ്ത്തിയ യുവന്റസ്, എതിരാളികളുടെ പ്രതിരോധ നിരയുടെ നെടുംതൂണിനെ തന്നെയാണ് നോട്ടം ഇട്ടിരിക്കുന്നത്. റുഡിഗറെ കൊണ്ട് വരുകയാണെങ്കിൽ അത് ജോർജിയോ കില്ലീനിയും, ലിയനാർഡോ ബൊനൂച്ചിയും, മത്തിയാസ് ഡി ലൈറ്റും അടങ്ങുന്ന യുവന്റസ് പ്രതിരോധനിരയെ കൂടുതൽ ശക്തമാക്കുകയും ചെയ്യും.
അതേ സമയം, റുഡിഗറെ നിലനിറുത്താൻ നീലപ്പടയുടെ പരിശീലകനായ തോമസ് ടുഷലിന് താല്പര്യമുണ്ടെങ്കിലും, താരവും ഇംഗ്ലീഷ് ക്ലബും തമ്മിൽ പുതിയ കരാർ കാര്യത്തിൽ ഇത് വരെ ധാരണയിലെത്തിയിട്ടില്ലെന്നത് യുവന്റസിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്ന ഘടകമാണ്.
ചെൽസിക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത് ടീമിലെ അഭിവാജ്യഘടകമായി മാറിയ റുഡിഗറിൽ യുവന്റസിന് പുറമെ നിരവധി യൂറോപ്യൻ ക്ലബുകൾക്ക് താല്പര്യമുണ്ട്. ഫ്രീ ട്രാൻസ്ഫറിൽ ചെൽസി വിടാൻ സാധ്യതയുള്ള താരത്തിൽ ബയേൺ മ്യൂണിക്ക്, പിഎസ്ജി തുടങ്ങിയ ക്ലബുകൾക്കും കണ്ണുകളുണ്ട്.