Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി ഈഡൻ ഹസാർഡിനെ ടീമിലെത്തിക്കാൻ യുവന്റസ് ഒരുങ്ങുന്നു

Sreejith N
Levante UD v Real Madrid CF - La Liga Santander
Levante UD v Real Madrid CF - La Liga Santander / Aitor Alcalde Colomer/Getty Images
facebooktwitterreddit

അപ്രതീക്ഷിതമായ ട്രാൻസ്‌ഫർ വഴിത്തിരിവിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ച് യുവന്റസ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് താരം ഈഡൻ ഹസാർഡിനെയാണ് അവർ റൊണാൾഡോക്ക് പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമം മാർക്കയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമാണ് യുവന്റസിൽ തുടരാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് താരമെത്തുകയെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു എങ്കിലും അവസാന നിമിഷങ്ങളിൽ അതിൽ ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകൾ സംഭവിച്ച് റൊണാൾഡോ തന്റെ മുൻ ക്ലബിന്റെ ഭാഗമാവുകയായിരുന്നു.

റൊണാൾഡോ ടീം വിട്ടതോടെ കഴിഞ്ഞ സീസണിൽ സീരി എയിലെ ടോപ് സ്കോററായ താരത്തെയാണ് യുവന്റസിന് നഷ്‌ടമായത്‌. ഇതിന്റെ ക്ഷീണം മറികടക്കാനും കഴിഞ്ഞ സീസണിൽ നഷ്‌ടമായ സീരി എ കിരീടം തിരിച്ചു പിടിക്കാനുമാണ് ഹസാർഡിനെ യുവന്റസ് ലക്ഷ്യമിടുന്നത്. ബെൽജിയൻ താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് യുവന്റസ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പിഎസ്‌ജി താരമായ കെയ്‌ലിയൻ എംബാപ്പയുടെ ട്രാൻസ്‌ഫർ റയൽ പൂർത്തിയാക്കുന്നതോടെ ടീമിൽ ഹസാർഡിന്റെ സ്ഥാനം പരുങ്ങലിലാകും. റയലിൽ തന്നെ തുടരാനാണ് ഹസാർഡിനു താൽപര്യമെങ്കിലും എംബാപ്പെ വരുന്നതോടെ ആദ്യ ഇലവനിൽ തനിക്ക് സ്ഥിരസാന്നിധ്യമായി മാറാനുള്ള അവസരം കുറയുമെന്ന് ബെൽജിയൻ താരത്തിനറിയാം. ഇതു മുതലെടുത്ത് ഹസാർഡിനെ റാഞ്ചാനാണ് യുവന്റസ് ഒരുങ്ങുന്നത്.

2019ൽ ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം നിരന്തരമായ പരിക്കും ഫോമില്ലായ്‌മയും കൊണ്ട് ബുദ്ധിമുട്ടിയ ഹസാർഡ് കഴിഞ്ഞ രണ്ടു സീസണുകളിലായി ആകെ 45 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. റയലിൽ തന്റെ പ്രതിഭ തെളിയിക്കാൻ ആഗ്രഹമുള്ള താരം ടീമിലെ ഇടത്തിനു വേണ്ടി പൊരുതാൻ തീരുമാനിച്ചാൽ യുവന്റസിന്റെ ട്രാൻസ്‌ഫർ മോഹം നടക്കാനുള്ള സാധ്യത കുറവാകും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit