റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫറിന്റെ ഫീസ് വിവരങ്ങൾ വെളിപ്പെടുത്തി യുവന്റസ്


മാഞ്ചസ്റ്റർ യുണൈറ്റഡുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ സംബന്ധിച്ച് ധാരണയിൽ എത്തിയതായി സ്ഥിരീകരിച്ച് ഇറ്റാലിയൻ ക്ലബ് യുവന്റസ്. താരത്തെ സ്വന്തമാക്കിയ വിവരം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രാൻസ്ഫർ ഫീസടക്കമുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. താരത്തിനുള്ള വിടവാങ്ങൽ സന്ദേശത്തിനൊപ്പം ഇതു സംബന്ധിച്ച വിവരങ്ങളും യുവന്റസ് വെളിപ്പെടുത്തിയിട്ടുണ്ട്.
15 മില്യൺ യൂറോക്കാണ് ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോയെ വിട്ടു നൽകിയതെന്ന് യുവന്റസ് വ്യക്തമാക്കുന്നു. അഞ്ചു വർഷം കൊണ്ടാണ് ഈ തുക മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകേണ്ടത്. ഇതിനു പുറമെ എട്ടു മില്യൺ യൂറോയുടെ അനുബന്ധ ഉടമ്പടികളും കരാറിലുണ്ട്. ഇതു താരത്തിനു മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ കരാർ കാലയളവിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവന്റസിന് ലഭിക്കുക.
Juventus says goodbye to @Cristiano.
— JuventusFC (@juventusfcen) August 31, 2021
2018ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലെത്തി മൂന്നു സീസണുകൾ ഇറ്റലിയിലുണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. ഈ സീസണുകളിലെല്ലാം യുവന്റസിന്റെ ടോപ് സ്കോറർ ആയിരുന്നെങ്കിലും ടീമിന്റെ പ്രകടനത്തിൽ പൂർണ സംതൃപ്തി ഇല്ലാതിരുന്നതും അല്ലെഗ്രി പരിശീലകനായി എത്തിയതോടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമാകുമെന്ന കാര്യം ഉറപ്പില്ലെന്നതുമാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്.
ക്ലബ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിടവാങ്ങൽ സന്ദേശവും യുവന്റസ് നൽകിയിട്ടുണ്ട്. അതിൽ ക്രിസ്റ്റ്യാനോ യുവന്റസിൽ എത്തിയതു മുതലുള്ള ആരാധകരുടെ ആവേശവും താരം ഇറ്റാലിയൻ ക്ലബിനൊപ്പം സ്വന്തമാക്കിയ റെക്കോർഡുകളും ടീമിനു സമ്മാനിച്ച അവിസ്മരണീയ മുഹൂർത്തങ്ങളും പ്രസ്താവിക്കുന്നു. മൂന്നു വർഷങ്ങൾക്കു മുൻപാരംഭിച്ച യാത്ര അവസാനിച്ചുവെന്നും താരം യുവന്റസിൽ എഴുതിച്ചേർത്തതെല്ലാം നിലനിൽക്കുമെന്നും ഇറ്റാലിയൻ ക്ലബ് വ്യക്തമാക്കി.
യുവന്റസിനൊപ്പമുള്ള മൂന്നു സീസണുകളിൽ 134 മത്സരങ്ങളിൽ നിന്നും 101 ഗോളുകളാണ് റൊണാൾഡോ നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്നും 29 ഗോളുകൾ നേടി സീരി എ ടോപ് സ്കോററാവാനും താരത്തിനായി. അഞ്ചു വർഷമായി കിരീടമൊന്നും നേടിയിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിനു താരത്തിന്റെ വരവോടെ അതു പരിഹരിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.