Football in Malayalam

അവസാന മത്സരത്തിൽ വിജയിച്ചാലും ആദ്യ നാലിൽ സ്ഥാനം ഉറപ്പില്ല; യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതകളിങ്ങനെ

Gokul Manthara
Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുമോ? ഫുട്ബോൾ ലോകം ഒന്നടങ്കം വലിയ ആവേശത്തോടെയും, ആശങ്കയോടെയും ഉറ്റുനോക്കുന്ന കാര്യമാണത്. മറ്റന്നാൾ ഇന്ത്യൻ സമയം പുലർച്ചെ 12.15 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളാവും ഇക്കാര്യത്തിൽ അന്തിമ ചിത്രം നൽകുക‌.

സീരി എ യിൽ തുടർച്ചയായി 9 തവണ കിരീടങ്ങൾ സ്വന്തമാക്കിയ യുവന്റസിന് കാലിടറിയ സീസണാണ് ഇത്തവണത്തേത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകുമോ ഇല്ലയോ എന്നറിയാൻ പോലും അവസാന മത്സരത്തിലെ ഫലത്തിനായി കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇക്കുറി അവർ നേരിടുന്നത്. യുവന്റസിന്റെ സൂപ്പർ താരമായ റൊണാൾഡോയുടെ കാര്യവും കഷ്ടമാണ്.

2002-03 സീസണിൽ സ്പോർട്ടിംഗ് ലിസ്ബണിനൊപ്പം ചാമ്പ്യൻസ് ലീഗിൽ കളിച്ച റോണോ കഴിഞ്ഞ 17 വർഷങ്ങളായി കളിച്ച എല്ലാ ലീഗുകളിലും ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകളുടെ ഭാഗമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലും, റയൽ മാഡ്രിഡിലും, യുവന്റസിലും ഇതു വരെ അങ്ങനെ തന്നെ‌. ഇക്കുറി അതിന് സാധിച്ചില്ലെങ്കിൽ റോണോയുടെ കരിയറിലെ കറുത്ത അധ്യായമായി മാറും അത്.

നിലവിൽ ഇന്റർ മിലാൻ, അറ്റ്ലാന്റ ടീമുകൾ സീരി എ യിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ലീഗ് ഘട്ടത്തിൽ ടോപ് 4 ലെത്തുന്ന‌ ടീമുകൾക്കാണ് ചാമ്പ്യൻസ് ലീഗിലേക്ക് പ്രവേശനം എന്നതിനാൽ രണ്ട് ടീമുകൾക്ക് കൂടി സീരി എയിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കാനാവും. ഈ 2 സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതാവട്ടെ നാപ്പോളി, യുവന്റസ്, എസി മിലാൻ എന്നീ മൂന്ന് ടീമുകളും.

ഈ മൂന്ന് ടീമുകൾക്കും ഒരേയൊരു മത്സരമാണ് ലീഗിൽ അവശേഷിക്കുന്നത്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം എസി മിലാൻ 76 പോയിന്റോടെ മൂന്നാമതും, അത്ര തന്നെ പോയിന്റുള്ള നാപ്പോളി നാലാമതും, യുവന്റസ് 75 പോയിന്റുമായി അഞ്ചാമതുമാണ്. ഇതിൽ മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് തുല്യ പോയിന്റാണെങ്കിലും നേർക്കുനേർ പോരാട്ടക്കണക്കിലാണ് മിലാൻ മുന്നിലായത്.

ഈ മാസം 24ന് ഇന്ത്യൻ സമയം പുലർച്ചെ 12.15 നാണ് ഈ മൂന്ന് ടീമുകളും തങ്ങളുടെ അവസാന ലീഗ് മത്സരങ്ങൾക്കിറങ്ങുക. ഒരേ സമയം തന്നെയാണ് ഈ മത്സരങ്ങളെല്ലാം നടക്കുകയെന്നതിനാൽ മറ്റ് മത്സരഫലങ്ങൾ നോക്കി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ സാധ്യതകൾ മനസിലാക്കാൻ മൂന്ന്‌ ടീമുകൾക്കും കഴിയില്ല‌.

പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് നിൽക്കുന്ന ബോലോഗ്നയാണ് അവസാന മത്സരത്തിൽ യുവന്റസിന്റെ എതിരാളികൾ. നാപ്പോളി പത്താം സ്ഥാനക്കാരായ വെറോണയേയും, എസി മിലാൻ രണ്ടാം സ്ഥാനക്കാരായ അറ്റ്ലാന്റയേയും നേരിടും. ഇതിൽ എസി മിലാന് അല്പം കടുപ്പമേറിയ മത്സരം നേരിടേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

യുവന്റസിന് ആദ്യ നാല് സ്ഥാനക്കാരിലൊരാളായി ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കണമെങ്കിൽ ബോലോഗ്നക്കെതിരായ അവസാന മത്സരം ജയിക്കുന്നതിനൊപ്പം, മിലാൻ, നാപ്പോളി ടീമുകളിലൊന്നെങ്കിലും അവരുടെ അവസാന ലീഗ് മത്സരത്തിൽ പോയിന്റ് നഷ്ടപ്പെടുത്തുകയും വേണം. മറിച്ച് സംഭവിക്കുകയാണെങ്കിൽ യുവന്റസില്ലാത്ത ചാമ്പ്യൻസ് ലീഗാവും അടുത്ത തവണ നടക്കുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit