Transfers

ചെൽസിക്ക് പ്രതീക്ഷ, ഡി ലൈറ്റിനെ ടീമിൽ പിടിച്ചു നിർത്താൻ കഴിയില്ലെന്ന് യുവന്റസ് സിഇഒ

Sreejith N
Juventus CEO Says Impossible To Keep De Ligt
Juventus CEO Says Impossible To Keep De Ligt / Emilio Andreoli/GettyImages
facebooktwitterreddit

യുവന്റസ് വിടാൻ മാത്തിയാസ് ഡി ലൈറ്റിന് ആഗ്രഹമുണ്ടെങ്കിൽ താരത്തെ പിടിച്ചു നിർത്താൻ കഴിയില്ലെന്ന് ഇറ്റാലിയൻ ക്ലബ്ബിന്റെ സിഇഒയായ മൗറീസിയോ അറിവബെൻ. ചെൽസി തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമിക്കുന്ന മുൻ അയാക്‌സ് നായകന്റെ കാര്യത്തിൽ ചർച്ചകൾ നടത്താൻ ഒരുക്കമാണെന്ന സൂചനകളും അദ്ദേഹം നൽകി.

അന്റോണിയോ റുഡിഗർ, ആന്ദ്രെസ് ക്രിസ്റ്റൻസെൻ എന്നീ പ്രതിരോധതാരങ്ങൾ ക്ലബ് വിട്ടതിനാൽ അടുത്ത സീസണിലേക്ക് സെൻട്രൽ ഡിഫൻഡർമാർക്കു വേണ്ടി ചെൽസി സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഡി ലൈറ്റിനു വേണ്ടി ചെൽസി നൽകിയ ആദ്യത്തെ ഓഫർ യുവന്റസ് തള്ളിയെങ്കിലും താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ ചെൽസിക്കുണ്ട്.

"താരങ്ങൾക്ക് ക്ലബ് വിടാൻ ആഗ്രഹമുണ്ടെങ്കിൽ അവരെ പിടിച്ചു നിർത്തുക വളരെ അസാധ്യമായ കാര്യമാണ്. എന്നാൽ അതിനു വേണ്ടി നടത്തുന്ന ചർച്ചകളിൽ മൂന്നു കക്ഷികളും പൂർണമായും സംതൃപ്‌തരായിരിക്കണം." അറിവബെൻ ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്പോർട്ടിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

എന്നാൽ മൂന്നു കക്ഷികൾക്കും പൂർണമായ സംതൃപ്‌തി നൽകുന്ന ഒരു കരാർ താരത്തിന്റെ കാര്യത്തിൽ ഉണ്ടാകുമെന്ന് പൂർണമായും പ്രതീക്ഷിക്കാൻ കഴിയില്ല. 120 മില്യൺ യൂറോ റിലീസിംഗ് ക്ലോസ് താരത്തിനുണ്ടെങ്കിലും അതു നൽകി താരത്തെ സ്വന്തമാക്കാൻ താൽപര്യമില്ലാത്ത ചെൽസി എഴുപതു മില്യൺ യൂറോ വാഗ്‌ദാനം ചെയ്യാൻ തയ്യാറാണെങ്കിലും യുവന്റസത് അംഗീകരിക്കാൻ സാധ്യതയില്ല.

ഒരു കൈമാറ്റക്കരാറിലൂടെ ചെൽസി മാത്തിയാസ് ഡി ലൈറ്റിനെ സ്വന്തമാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. വിവിധ റിപ്പോർട്ടുകൾ പ്രകാരം ജർമൻ മുന്നേറ്റനിര താരം ടിമോ വെർണർ, അമേരിക്കൻ താരം ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവരിൽ ഒരാളെ നൽകി ഡി ലൈറ്റിനെ സ്വന്തമാക്കാനാണ് ചെൽസി ഒരുങ്ങുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit