Football in Malayalam

അടുത്ത സീസണിൽ കൂടുതൽ ഉത്തരവാദിത്വമുണ്ടാകും, റൊട്ടേഷന് വിധേയനാവേണ്ടി വരും; റൊണാൾഡോക്ക് മുന്നറിയിപ്പുമായി അല്ലഗ്രി

Gokul Manthara
Massimiliano Allegri (R), head coach of Juventus FC, holds...
Massimiliano Allegri (R), head coach of Juventus FC, holds... / Nicolò Campo/Getty Images
facebooktwitterreddit

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അടുത്ത സീസണിൽ ക്ലബ്ബിൽ കൂടുതൽ ഉത്തരവാദിത്വമുണ്ടാകുമെന്നും, തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുമ്പോൾ അദ്ദേഹം അടക്കമുള്ള എല്ലാ ‌യുവന്റസ് താരങ്ങൾക്കും റൊട്ടേഷന് വിധേയരാവേ‌ണ്ടി വരുമെന്നും ക്ലബ്ബിന്റെ പരിശീലകനായ മാസിമിലിയാനോ അല്ലഗ്രി. ടൂറിനിൽ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നാല് വർഷത്തെ കരാറിൽ യുവന്റസിന്റെ പരിശീലക ചുമതലയേറ്റെടുത്ത അല്ലഗ്രി ഇങ്ങനെ പറഞ്ഞത്.

റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും അദ്ദേഹം യുവന്റസിൽ തുടരുമെന്ന് അല്ലഗ്രി വിശ്വസിക്കുന്നു. റൊണാൾഡോ മികച്ച കളികാരനും, തന്ത്രഞ്ജനുമാണെന്ന് പറയുന്ന യുവന്റസ് ബോസ്, ക്ലബ്ബിലെ മറ്റുള്ളവരോട്‌ സംസാരിച്ചതു‌ പോലെ റൊണാൾഡോയോടും കഴിഞ്ഞ ദിവസം താൻ സംസാരിച്ചതായി പത്രസമ്മേളനത്തിനിടെ വ്യക്തമാക്കി.

"ഇത് ഒരു സുപ്രധാന സീസണാണെന്നും, വീണ്ടും ക‌ണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്നും ഞാൻ റൊണാൾഡോയോട് പറഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന് ഇവിടെ കൂടുതൽ ഉത്തരവാദിത്വമുണ്ട്. കാരണം മൂന്ന് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് കൂടുതൽ പരിചയസമ്പത്തുള്ള ഒരു ടീമുണ്ടായിരുന്നു‌. എന്നാൽ ഇപ്പോൾ കൂടുതലും യുവ താരങ്ങളാണുള്ളത്."

"ഉത്തരവാദിത്വത്തിന്റെ കാര്യത്തിൽ ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. അവൻ ആരോഗ്യവാനും, മികച്ച നിലയിലുമാണ്‌. ഒരു സീസണിൽ നിരവധി വ്യത്യസ്ത നിമിഷങ്ങളുണ്ട്. ഓരോ മൂന്ന്‌ ദിവസം കൂടുന്തോറും ഒരു മത്സരം കളിക്കേണ്ടി വരുമ്പോൾ എനിക്ക് എല്ലാ താരങ്ങളേയും ഉൾപ്പെടുത്തി ടീമിനെ റൊട്ടേറ്റ് ചെയ്യേണ്ടതായി വരും." അല്ലഗ്രി പറഞ്ഞു.

സംസാരത്തിനിടെ ടീമിന്റെ അർജന്റൈൻ സൂപ്പർ താരം പൗളോ ഡിബാലയെ പ്രശംസിക്കാനും അല്ലഗ്രി മറന്നില്ല‌. ഒരു സീസണിൽ ഇരുപതോ ഇരുപത്തിയഞ്ചോ ഗോളുകൾ നേടാൻ കെൽപ്പുള്ള കളികാരനാണ് ഡിബാലയെന്ന് പറഞ്ഞ അല്ലഗ്രി, വരും സീസണിൽ അദ്ദേഹത്തിൽ നിന്ന് താൻ ഒരുപാട് പ്രതീക്ഷിക്കുന്നതായും, യുവന്റസിലെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഡിബാലക്ക് അടുത്ത സീസണിൽ ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റനാകാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

facebooktwitterreddit