Football in Malayalam

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ യുവന്റസ് വിയർക്കും, ബാക്കിയുള്ളത് വമ്പൻ പോരാട്ടങ്ങൾ

Sreejith N
ACF Fiorentina v Juventus - Serie A
ACF Fiorentina v Juventus - Serie A / Gabriele Maltinti/Getty Images
facebooktwitterreddit

ഇന്നലെ നടന്ന സീരി എ പോരാട്ടത്തിൽ ഫിയോറെന്റീനയോട് സമനില വഴങ്ങിയതോടെ ഇറ്റാലിയൻ ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനുള്ള യുവന്റസിന്റെ സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ദുസൻ വ്ലാഹോവിച്ച് നേടിയ ഗോളിലൂടെ ഫിയോറെന്റീന മുന്നിലെത്തിയ മത്സരത്തിൽ ആദ്യ പകുതിക്കു ശേഷം പകരക്കാരനായി ഇറങ്ങിയ അൽവാരോ മൊറാട്ടയാണ് യുവന്റസിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്.

ഇന്നലത്തെ മത്സരത്തിൽ സമനില വഴങ്ങിയതോടെ 33 മത്സരങ്ങളിൽ നിന്നും അറുപത്തിയാറു പോയിന്റുമായി ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് യുവന്റസ്. ഒരു മത്സരം കുറച്ചു കളിച്ച് അത്ര തന്നെ പോയിന്റുമായി എസി മിലാൻ മൂന്നാമതും 33 മത്സരങ്ങളിൽ നിന്നും അറുപത്തിയെട്ടും എഴുപത്തിയൊൻപതും പോയിന്റുള്ള അറ്റലാന്റ, ഇന്റർ മിലാൻ എന്നിവർ യഥാക്രമം രണ്ടും ഒന്നും സ്ഥാനങ്ങളിലും നിൽക്കുന്നു.

യുവന്റസിനെക്കാൾ ഒരു മത്സരം കുറവു കളിച്ച് അറുപത്തിമൂന്ന് പോയിന്റുമായി അഞ്ചാമത് നിൽക്കുന്ന നാപോളിയും രണ്ടു മത്സരം കുറവ് കളിച്ച് അൻപത്തിയെട്ടു പോയിന്റുമായി ആറാമതു നിൽക്കുന്ന ലാസിയോയുമാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഓൾഡ് ലേഡിക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നത്. ഇനി വരാനിരിക്കുന്ന സീരി എ മത്സരങ്ങളിൽ അതിശക്തരായ എതിരാളികളെ നേരിടാനുണ്ടെന്നതും പിർലോയുടെ ടീമിന് ഭീഷണിയാണ്.

ഇനി സീരി എയിൽ അഞ്ചു മത്സരങ്ങൾ ബാക്കിയുള്ള യുവന്റസിന് അതിൽ രണ്ടെണ്ണം മാത്രമേ സ്വന്തം മൈതാനത്തു വെച്ചുള്ളൂ. ആ രണ്ടു മത്സരങ്ങളാണെങ്കിൽ ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ററിനും നിലവിൽ മൂന്നാം സ്ഥാനക്കാരായ എസി മിലാനെതിരെയുമാണ്. ഇതിനു പുറമെ യുഡിനസ്, സാസുവോളോ, ബൊളോഗ്‌ന എന്നിവർക്കെതിരെ എവേ മത്സരവും യുവന്റസ് കളിക്കണം. ഈ അഞ്ചു മത്സരവും യുവന്റസിന്റെ നിലവിലെ ഫോം വെച്ചു നോക്കുമ്പോൾ കടുകട്ടിയായിരിക്കും.

സീരി എയിലെ ടോപ് സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോമില്ലായ്മയാണ് യുവന്റസിന് തിരിച്ചടിയേൽക്കാനുള്ള ഒരു കാരണം. അവസാന മൂന്നു സീരി എ മത്സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും നേടിയിട്ടില്ലാത്ത താരം മോശം പ്രകടനമാണ് കളിക്കളത്തിൽ കാഴ്ച വെക്കുന്നത്. ഇതിനു പുറമെ ടീമിലെ താരങ്ങളുടെ ആത്മവിശ്വാസക്കുറവും യുവന്റസിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒൻപതു സീരി എ കിരീടങ്ങൾ തുടർച്ചയായി നേടിയ യുവന്റസ് ഫോമിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


facebooktwitterreddit