ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനു പോകുന്ന സലാക്കും മാനെക്കും പകരക്കാരനായി ഈഡൻ ഹസാർഡിനെ ക്ളോപ്പിനു വേണം
By Sreejith N

ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ വളരെ ദൂരം മുന്നിലെത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് കുറച്ചെങ്കിലും ഭീഷണിയുയർത്താൻ കഴിയുന്നത് ചെൽസിക്കും ലിവർപൂളിനും മാത്രമാണ്. എന്നാൽ ടീമിലെ സൂപ്പർതാരങ്ങളായ മൊഹമ്മദ് സലാ, സാഡിയോ മാനെ എന്നിവരെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ ഭാഗമായി ഒരു മാസത്തോളം നഷ്‌ടമാകുമെന്നത് ലിവർപൂളിനു കിരീടപ്പോരാട്ടത്തിൽ കനത്ത തിരിച്ചടി നൽകുന്നു.
എന്നാൽ മുന്നേറ്റനിരയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ചിട്ടുള്ള താരത്തിന്റെ സാന്നിധ്യമാണ് സലാക്കും മാനെക്കും പകരമായി ക്ളോപ്പ് ലക്ഷ്യമിടുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. സ്‌പാനിഷ് ഔട്ട്ലെറ്റായ എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം മുൻ ചെൽസി താരമായ, നിലവിൽ റയൽ മാഡ്രിഡിൽ കളിക്കുന്ന ഈഡൻ ഹസാർഡിനെയാണ് ക്ളോപ്പ് ജനുവരിയിൽ ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്.
IMAGINE! ??✍️https://t.co/UD4O974N7p
— SPORTbible (@sportbible) January 3, 2022
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ക്ളോപ്പ് ഈഡൻ ഹസാർഡിന്റെ വലിയൊരു ആരാധകനാണെന്നും മുൻ ചെൽസി താരത്തിന് ലിവർപൂളിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ സഹായിക്കാൻ കഴിയുമെന്നുമാണ്. എന്നാൽ ക്ളോപ്പിന്റെ ആവശ്യത്തോട് ലിവർപൂൾ നേതൃത്വത്തിന് അനുകൂല സമീപനമല്ലായെന്നത് ഹസാർഡിനെ ഇംഗ്ലണ്ടിലെത്തിക്കാനുള്ള പദ്ധതികൾക്ക് വിലങ്ങുതടിയാണ്.
ഈഡൻ ഹസാർഡിനു നിരന്തരമായി പരിക്കേൽക്കുന്നതാണ് ലിവർപൂൾ നേതൃത്വം ക്ളോപ്പിന്റെ ആവശ്യം പരിഗണനയിൽ എടുക്കാതിരിക്കാനുള്ള പ്രധാന കാരണം. ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിനു ശേഷം അടിക്കടി പരിക്കു പറ്റുന്ന താരത്തിന് തന്റെ പ്രതിഭയുടെ ഒരംശം പോലും ലോസ് ബ്ലാങ്കോസിനായി ഇതുവരെയും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ക്ളോപ്പിന്റെ ലക്‌ഷ്യം നടന്നില്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കുറച്ചു കളിച്ച് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ അവർക്കു പതിനൊന്നു പോയിന്റ് പിന്നിൽ നിൽക്കുന്ന ലിവർപൂൾ ഇനി മുതൽ ഫിർമിനോ, ജോട്ട, മിനാമിനോ, ഒറിജി എന്നിവരെ തന്നെ ആശ്രയിക്കേണ്ടി വരും. പോർട്ടോയുടെ കൊളംബിയൻ താരമായ ലൂയിസ് ഡയസിനെയും ലിവർപൂൾ നോട്ടമിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.