Football in Malayalam

ന്യൂകാസിൽ ഉടമകൾക്ക് പ്രീമിയർ ലീഗിനെ തന്നെ വാങ്ങാൻ കഴിയും, അതൃപ്‌തി വ്യക്തമാക്കി യർഗൻ ക്ലോപ്പ്

Sreejith N
FC Porto v Liverpool FC: Group B - UEFA Champions League
FC Porto v Liverpool FC: Group B - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതിനോടുള്ള തന്റെ അതൃപ്‌തി വ്യക്തമാക്കി ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്.സൗദി അറേബ്യയുടെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ഉയരുന്ന വിമർശനങ്ങളെപ്പറ്റി പരാമർശിച്ച ക്ലോപ്പ് പുതിയ ഉടമകൾക്ക് പ്രീമിയർ ലീഗിനെ തന്നെ മുഴുവനായും സ്വന്തമാക്കാൻ കഴിയുമെന്നും പറഞ്ഞു.

"ഞാൻ അതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്‌താവനകൾക്കു വേണ്ടി കാത്തിരിക്കയാണ്. റിച്ചാർഡ് മാസ്റ്റേഴ്‌സിൽ നിന്നോ മറ്റുള്ള ആരെങ്കിലുമോ അതു നൽകുമെന്നു പ്രതീക്ഷിക്കുന്നു. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ അതിലുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അതു വ്യക്തമാണ്, ഞങ്ങൾ ചിന്തിക്കുന്നതും അതിനെപ്പറ്റി തന്നെയാണ്."

"ഫുട്ബാളിൽ ഇതെന്താണു നൽകുന്നത്? മാസങ്ങൾക്കു മുൻപ് വലിയൊരു തർക്കമുണ്ടായി, പന്ത്രണ്ടു ടീമുകൾ കൂടി സൂപ്പർ ലീഗ് പദ്ധതിയുമായി മുന്നോട്ടു വന്നു, നിലവിൽ അതു സംഭവിച്ചിട്ടില്ല. ഇതതിനോട് സാമ്യതയുള്ള കാര്യവും, ഒരു സൂപ്പർ ടീം ഉണ്ടാക്കുന്നതു പോലെയുമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ അവർക്ക് ചാമ്പ്യൻസ് ലീഗ് സ്പോട്ട് ഉറപ്പാണ്." ക്ലോപ്പ് പറഞ്ഞു.

ഒരു രാജ്യം ഏറ്റെടുക്കുന്ന മൂന്നാമത്തെ ക്ലബാണിതെന്ന കാര്യം ഓർമിപ്പിച്ച ക്ലോപ്പ്, പ്രീമിയർ ലീഗിനെ തന്നെ അവർക്കു വിലക്കു വാങ്ങാനുള്ള കഴിവുണ്ടെന്നും വ്യക്തമാക്കി. ന്യൂകാസിൽ യുണൈറ്റഡ് ആരാധകരെ സംബന്ധിച്ച് ഇതു സന്തോഷമുള്ള കാര്യമായിരിക്കുമെങ്കിലും ധാരാളം പണമുള്ളതു കൊണ്ടു തന്നെ ഒരു പിഴവ് സംഭവിച്ചാലും അതിനെ പെട്ടന്നു തന്നെ തിരുത്താൻ ടീമിന് കഴിയുമെന്നും ക്ലോപ്പ് പറയുന്നു.

പ്രീമിയർ ലീഗിന്റെ കീർത്തിക്ക് ഇതു കോട്ടമുണ്ടാക്കുമോയെന്ന ചോദ്യത്തിന് അതിനുത്തരം തരാൻ ലീഗ് മേധാവിയായ റിച്ചാർഡ് മാസ്റ്റേഴ്‌സിനു മാത്രമേ കഴിയൂവെന്ന് ക്ലോപ്പ് വ്യക്തമാക്കി. അദ്ദേഹവുമായി സംസാരിച്ച് ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ അഭ്യർത്ഥിക്കണമെന്നും ക്ളോപ്പ് ആവശ്യപ്പെടുന്നു.


facebooktwitterreddit